കോഴിക്കോട്: ഹരിതയുടെ പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതി നാലിൽ ആണ് കുറ്റപ്പത്രം സമർപ്പിച്ചത്. സ്ത്രീകൾക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിക്കുക (ഐപിസി 354 എ), സ്ത്രീത്വത്തെ അപമാനിക്കുക (ഐപിസി 509) തുടങ്ങിയ വകുപ്പുകളാണ് നവാസിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പെൺകുട്ടികൾ പരാതിയിൽ പറഞ്ഞ എം എസ് എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ വഹാബിന്റെ പേര് കുറ്റപ്പത്രത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സാക്ഷിപ്പട്ടികയിൽ 18 പേരുകളാണുള്ളത്.
ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്‌ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. അബ്ദുൾ വഹാബും സമാനമായ രീതിയിൽ പരിഹസിച്ചതായി ഹരിത നേതാക്കളുടെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
















Comments