പാലക്കാട്: കേന്ദ്രസർക്കാർ പെട്രോൾ ഡീസൽ നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്‌ക്കാത്ത നിലപാടിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ പാലക്കാട് സുൽത്താൻപേട്ട ജംഗ്ഷനിൽ പ്രതിഷേധം സംഘടിച്ചു. പ്രതിഷേധം സംഘടിപ്പിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേന്ദ്രം നികുതി കുറച്ചിട്ടും സംസ്ഥാനം കുറയ്‌ക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് രാഷ്‌ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങളെ പിന്തുണച്ചുകൊണ്ട് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്.
കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിത്തടയുകയാണെന്നും കെ. സുരേന്ദ്രൻ പ്രസ്താവനയിൽ ആരോപിച്ചു.
സംസ്ഥാനങ്ങളും ഇന്ധനനികുതി കുറയ്‌ക്കണമെന്ന കേന്ദ്രനിർദ്ദേശം കേരളം തള്ളിയിരുന്നു. സംസ്ഥാനങ്ങൾക്ക് നികുതി കുറയ്‌ക്കുന്നതിന് പരിധിയുണ്ടെന്നും, കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണെന്നുമായിരുന്നു കെ.എൻ.ബാലഗോപാലിന്റെ വാദം. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കേന്ദ്രസർക്കാർ കുറച്ചതിനെ തുടർന്ന് കേരളവും ആനുപാതികമായി കുറച്ചിട്ടുണ്ട്. എന്നാൽ ഇന്ധന നികുതി കുറയ്‌ക്കുന്നത് സാധ്യമല്ല. കേന്ദ്രം 30 രൂപ കൂട്ടിയപ്പോഴും അതിന്റെ പങ്ക് സംസ്ഥാനത്തിന് നൽകിയില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
















Comments