കൊളംബോ : കടുത്ത കാർഷിക വള പ്രതിസന്ധി അനുഭവിക്കുന്ന ശ്രീലങ്കയിലേക്ക് നാനോ വളം കയറ്റി അയച്ച് ഇന്ത്യ. രണ്ട് വ്യാമസേനാ വിമാനങ്ങളിലായി കയറ്റി അയച്ച വളം കൊളംബോ വിമാനത്താവളത്തിൽ എത്തി. 100 ടൺ വളമാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് കയറ്റി അയച്ചത്.
ഇന്ത്യൻ വിമാനങ്ങൾ കൊളംബോയിൽ എത്തിയ വിവരം ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ദീപാവലി ദിനത്തിൽ ശ്രീലങ്കയ്ക്ക് മേൽ ഒരിക്കൽ കൂടി ഇന്ത്യ പ്രതീക്ഷയുടെ കിരണം ചൊരിഞ്ഞു. ശ്രീലങ്കൻ സർക്കാരിന്റെ അഭ്യർത്ഥന അംഗീകരിച്ച ഇന്ത്യ രണ്ട് ഐഎഎഫ് എംസിസി വിമാനങ്ങളിൽ അയച്ച 100 ടൺ വളങ്ങൾ ശ്രീലങ്കയിൽ എത്തി – ഹൈക്കമ്മീഷൻ ട്വിറ്ററിൽ കുറിച്ചു.
പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം രാസവളങ്ങളുടെ ഉപോയഗവും, ഇറക്കുമതിയും ശ്രീലങ്കൻ സർക്കാർ നിരോധിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് വളങ്ങൾക്ക് ക്ഷാമം നേരിടാൻ തുടങ്ങിയത്. ഇതേ തുടർന്ന് വളങ്ങൾക്കായി ഇന്ത്യയെ സമീപിക്കുകയായിരുന്നു.
ഇന്ത്യയ്ക്ക് പുറമേ ചൈനയിൽ നിന്നും ശ്രീലങ്ക ജൈവവളം ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ ഈ വളങ്ങളിൽ മണ്ണിന് ദോഷകരമായ ബാക്ടീരിയകൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് ഇവിടെ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ ദിവസം സർക്കാർ നിരോധിച്ചിരുന്നു.
Comments