ഷിംല : കേന്ദ്രസർക്കാർ എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ച് കൂടുതൽ സംസ്ഥാനങ്ങൾ. ബീഹാറിനും ഒഡീഷയ്‌ക്ക് പിന്നാലെ ഹിമാചൽപ്രദേശും പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറച്ചു. ഹിമാചൽ മുഖ്യമന്ത്രി ജയ്‌റാം താക്കൂർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മൂല്യവർദ്ധിത നികുതി കുറച്ചതോടെ സംസ്ഥാനത്ത് പെട്രോളിന് 12 രൂപയും, ഡീസലിന് 17 രൂപയും കുറയും. പുതുക്കിയ വിലകൾ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽവരും. മൂല്യവർദ്ധിത നികുതി കുറച്ചുകൊണ്ടുള്ള തീരുമാനം സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ ആശ്വാസമേകുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ജയ്‌റാം താക്കൂർ പ്രധാനമന്ത്രിയ്‌ക്ക് നന്ദി പറഞ്ഞു.
ഇതുവരെ ഹിമാചൽപ്രദേശ് ഉൾപ്പെടെ 10 സംസ്ഥാനങ്ങളാണ് പെട്രോൾ ഡീസൽ വിലകുറച്ചത്. ഒഡീഷ, ബീഹാർ, ഉത്തർപ്രദേശ്, അസം, ത്രിപുര, കർണാടക, ഗോവ, ഗുജറാത്ത്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് വില കുറച്ച മറ്റ് സംസ്ഥാനങ്ങൾ. വരും ദിവസങ്ങൾ കൂടുതൽ സംസ്ഥാനങ്ങൾ പെട്രോൾ, ഡീസൽ വില കുറയ്‌ക്കുമെന്നാണ് കരുതുന്നത്.
കടുത്ത നഷ്ടം വഹിച്ചുകൊണ്ടാണ് പെട്രോളിന്റെയും, ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്‌ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. നികുതി കുറച്ചതുവഴി 60,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് കേന്ദ്രത്തിന് ഉണ്ടാകുക. എങ്കിലും ജനഹിതത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് കേന്ദ്രസർക്കാർ തീരുമാനം.
അതേസമയം സംസ്ഥാനങ്ങൾ ഓരോന്നായി നികുതി കുറയ്‌ക്കുമ്പോഴും പെട്രോളിന്റെയും, ഡീസലിന്റെയും മൂല്യവർദ്ധിത നികുതി കുറയ്‌ക്കില്ലെന്ന നിലപാടിലാണ് കേരള സർക്കാർ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നുണ്ട്.
















Comments