മുംബൈ: ഹിന്ദു കലണ്ടർ പ്രകാരമുള്ള 2078 സംവത് വർഷത്തിന് മുന്നോടിയായി നടന്ന മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളും പെട്രോളിന്റേയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതും വ്യാപാരത്തിന് കയറ്റം സൃഷ്ടിച്ചു.
സെൻസെക്‌സ് 295.70 പോയിൻറ് നേട്ടത്തോടെ 60,067.62ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 87 പോയിൻറ് നേട്ടം രേഖപ്പെടുത്തി. 17,916.80 പോയിൻറിലാണ് വ്യാപാരം നിർത്തിയത്.
എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ കൺസൾട്ടൻസി സർവീസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് നേട്ടം രേഖപ്പെടുത്തിയ ഓഹരികൾ. വിവിധ രാജ്യങ്ങളിലെ വിപണികളിൽ വൻ ഉയർച്ചയുണ്ടായത് ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.
നിഫ്റ്റിയിൽ പി.എസ്.യു ബാങ്ക് ഇൻഡക്‌സാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. 1.45 ശതമാനമാണ് ഉയർച്ചയുണ്ടായത്. നിഫ്റ്റി ഓട്ടോ, ഫിനാൻഷ്യൽ സർവീസ്, എഫ്.എം.സി.ജി, മീഡിയ, പ്രൈവറ്റ് ബാങ്ക്, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയ സെക്ടറുകൾക്ക് 0.6-1.15 ശതമാനം വരെ ഉയർച്ചയാണ് ഉണ്ടായത്.
വൈകിട്ട് 6.15 മുതൽ 7.15 വരെ നീളുന്ന ഒരു മണിക്കൂറാണ് പ്രത്യേക വ്യാപാരം നടന്നത്. മുഹൂർത്ത വ്യാപാരത്തിൽ ഇടപാടുകൾ നടത്തുന്നത് വഴി ആ വർഷം മുഴുവൻ ഐശ്വര്യവും, സമ്പത്തും കൊണ്ടുവരുമെന്നാണ് കരുത്തുന്നത്.
Comments