കോഴിക്കോട്: തലശ്ശേരി ഫസൽ വധക്കേസിന് പിന്നിൽ സിപിഎം നേതാക്കൾ തന്നെയെന്ന് സിബിഐ റിപ്പോർട്ടിനെ വിമർശിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. വിഷയത്തിൽ തുടരന്വേഷണത്തിന് സിബിഐ തയ്യാറാകണമെന്നും, കാരായിമാർക്ക് തലശേരിയിൽ സ്വീകരണം നൽകുമെന്നും ജയരാജൻ വ്യക്തമാക്കി. വിഷയത്തിൽ തുടർ അന്വേഷണത്തിന് സിബിഐ തയ്യാറാകണം. സത്യസന്ധമായ അന്വേഷണത്തിനാണ് തയ്യാറാകേണ്ടത്. പുറത്ത് വന്ന റിപ്പോർട്ട് ദൗർഭാഗ്യകരമാണ്. തെളിവുകൾ പരിഗണിക്കപ്പെട്ടില്ല. വിഷയത്തിൽ സിപിഎം കോടതിയെ സമീപിക്കും. കാരായിമാരുടെ നിരപരാധിത്വം പുറത്തുവരണമെന്നും എം വി ജയരാജൻ പറഞ്ഞു.
അതേസമയം ഫസൽ വധക്കേസിലെ ഗൂഢാലോചനക്കേസിൽ പ്രതികളായ സിപിഎം നേതാക്കൾ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഇന്ന് കണ്ണൂരിൽ തിരിച്ചെത്തും. ജാമ്യ വ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചതിനെ തുടർന്ന് തലശ്ശേരിയിലെത്തുന്ന ഇരുവർക്കും സിപിഎം സ്വീകരണം നൽകും. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സ്വീകരണ യോഗം എംവി ജയരാജൻ ഉദ്ഘാടനം ചെയ്യും. ഫസൽ വധക്കേസിലെ ഗൂഢാലോചനയിൽ പ്രതിചേർക്കപ്പെട്ടതോടെ 2012 ജൂണിലാണ് കാരായിമാർ കോടതിയിൽ കീഴടങ്ങിയത്. ഒന്നരക്കൊല്ലത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യം കിട്ടിയെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരം എറണാകുളത്തായിരുന്നു താമസം.
ഫസൽ വധക്കേസിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന വാദം തള്ളി സിബിഐ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എറണാകുളം സിബിഐ കോടതിയിൽ സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ടിലാണ് സിബിഐ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുള്ളത്. കൊലയ്‌ക്ക് പിന്നിൽ താനുൾപ്പെട്ട ആർഎസ്എസ് പ്രവർത്തകരാണെന്ന മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തൽ തള്ളുന്ന സിബിഐ ഇത് കസ്റ്റഡിയിൽ വച്ച് പറയിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു.
Comments