ഇസ്ലാമാബാദ്: ഇന്ത്യൻ ജനത ദീപാവലി ആഘോഷിക്കുന്ന വേളയിൽ ഹോളി ആശംസിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസപാത്രമായിരിക്കുകയാണ് പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി. ദീപാവലി ദിനത്തിൽ നിരവധി നേതാക്കളും മുഖ്യമന്ത്രിമാരും മറ്റ് രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരുൾപ്പെടെ ആശംസകൾ പങ്കുവെച്ചിരുന്നു. എന്നാൽ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയത് ദീപാവലിയ്‌ക്ക് ഹോളി ആശംസകൾ നേർന്ന മുഖ്യമന്ത്രിയുടെ സന്ദേശമാണ്.
സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായാണ് ദീപാവലി ദിനത്തിൽ ഹോളി ആശംസകൾ നേർന്നത്. മുഖ്യമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിലാണ് അദ്ദേഹത്തിന്റെ ചിത്രമടങ്ങിയ ഹോളി ആശംസ പങ്കുവെച്ചത്. ചിത്രത്തോടൊപ്പം ‘ഹാപ്പി ഹോളി’ എന്നും കുറിച്ചിരുന്നു. അബദ്ധം മനസിലായതോടെ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും സമൂഹമാദ്ധ്യമങ്ങളിൽ ഇത് വിവാദമായിരുന്നു.
പാകിസ്താനിൽ ഏറ്റവും അധികം ഹിന്ദുക്കളുള്ള പ്രവിശ്യയാണ് സിന്ധ്. അവിടത്തെ മുഖ്യമന്ത്രിയ്‌ക്ക് ദീപാവലിയും ഹോളിയും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന വസ്തുത സങ്കടപ്പെടുത്തുന്നു എന്നാണ് പാകിസ്താനിലെ ഒരു മാദ്ധ്യമപ്രവർത്തകൻ അഭിപ്രായപ്പെട്ടത്. ദീപാവലിയുടെയും ഹോളിയുടെയും വ്യത്യാസം മുഖ്യമന്ത്രിയെ പഠിപ്പിക്കണമെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
അബദ്ധം മനസിലായതോടെ മുഖ്യമന്ത്രി പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു. ദീപവലി ദിനത്തിൽ ലോക നേതാക്കളുൾപ്പെടെ നിരവധി ആളുകളാണ് ജനങ്ങൾക്ക് ആശംസകൾ നേർന്നത്.
















Comments