കണ്ണൂർ: രണ്ടു ദിവസമായി മയ്യഴിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്. വാഹനങ്ങളുടെ ബാഹുല്യത്തെ തുടർന്ന് റോഡുകളിൽ പലതവണ ഗതാഗത സ്തംഭിച്ചു. ഇന്ധനം നിറയ്‌ക്കാനായി തലശേരി, വടകര ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ കൂട്ടമായി എത്തിയതാണ് പ്രതിസന്ധിയ്‌ക്ക് കാരണമായത്.
കേന്ദ്ര സർക്കാരിന് പിന്നാലെ ബിജെപി ഭരണത്തിലുള്ള പുതുച്ചേരിയിലും വാറ്റ് നികുതി കുറച്ചതോടെയാണ് മയ്യഴിയിൽ ഇന്ധനവില കുറഞ്ഞത്. ഇതുകാരണം മയ്യഴിയിലേക്ക് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്ന് വാഹനങ്ങളുടെ ഒഴുക്കാണിപ്പോൾ. കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയിവരുന്ന സ്വകാര്യബസുകളും ഹെവി വാഹനങ്ങളും മാഹിയിൽ നിന്നാണ് ഇന്ധനം നിറയ്‌ക്കുന്നത്.
മാഹിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് ഇന്നത്തെ വില. മാഹിയ്‌ക്ക് തൊട്ടടുത്ത് കിടക്കുന്ന തലശ്ശേരിയിൽ ഇപ്പോഴും പെട്രോൾ വില നൂറിന് മുകളിലാണ്.
കേരളത്തിൽ വില കുറയാത്തതിനാൽ തലശേരി, വടകര ഭാഗങ്ങളിലുള്ളവരെല്ലാം മാഹിയിലെ പെട്രോൾ പമ്പുകളെ കൂടുതൽ ആശ്രയിക്കുകയാണ്. ഇതിനാൽ മയ്യഴിയിലെ പമ്പുകളിൽ വാഹനങ്ങളുടെ തിരക്കും കൂടുകയാണ്. സംസ്ഥാന സർക്കാർ നികുതി കുറയ്‌ക്കാൻ തയ്യാറാവാത്തതിനാൽ കേരളത്തിലെ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. പുതുച്ചേരിയ്‌ക്ക് പുറമെ കർണ്ണാടകവും സംസ്ഥാന നികുതി കുറച്ചിട്ടുണ്ട്.
















Comments