ന്യൂഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന 52-ാം ചലച്ചിത്രമേളയിലേക്ക് മലയാളി സംവിധാനം ചെയ്ത സംസ്‌കൃത ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചു. ഇന്ത്യൻ പനോരമാ വിഭാഗത്തിലാണ് സിനിമകൾ പ്രഖ്യാപിച്ചത്. സംസ്‌കൃതത്തിൽ മലയാളിയായ യദു വിജയകൃഷ്ണൻ ഒരുക്കിയ ഭഗവദജ്ജുകമാണ് ഇടംനേടിയത്. ഇതിനൊപ്പം 24 ഫീച്ചർ സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക. ജയരാജിന്റെ നിറയെ തത്തകളുള്ള മരം, രഞ്ജിത് ശങ്കറിന്റെ സണ്ണി എന്നിവയാണ് മലയാളത്തിൽ നിന്നുള്ളത്. ഈ മാസം 20 മുതൽ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്.
ബോധായനന്റെ നാടകത്തെ ആസ്പദമാക്കിയാണ് ഭഗവദജ്ജുകം അണിയിച്ചൊരു ക്കിയിട്ടുള്ളത്, സംസ്‌കൃത നാടക കലാകാരൻ കിരൺ രാജാണ് നിർമ്മിച്ചിരിക്കുന്നത്. സിനിമാ ഹാസ്യത്തിന് പ്രധാന്യം നൽകിക്കൊണ്ട് നിർമ്മിച്ച ആദ്യ സംസ്‌കൃത ചലച്ചിത്രമെന്ന സവിശേഷതയാണ് യദുവിന്റെ ചിത്രത്തിനുള്ളത്. വ്യാവസായിക അടിസ്ഥാനത്തിൽ ആദ്യ സിനിമാ സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പുതുമുഖം ജിഷ്ണു.വി.നായരാണ് ചിത്രത്തിലെ നായകൻ. മോഡലായ പാർവതി.വി.നായരാണ് നായികാ കഥാപാത്രമായെത്തുന്നത്. പ്രദീപ്കുമാർ, രശ്മി കൈലാസ്, ജ്വാല എസ് പരമേശ്വർ, ഷാരണി, രഘുനാഥ് സോപാനം എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു.
യദുവിനൊപ്പം വിപിൻ ചന്ദ്രൻ(ക്യാമറ), പ്രദീപ് ചന്ദ്രൻ(എഡിറ്റിംഗ്), അശ്വതി വിജയൻ (സംഭാഷണം) എന്നിവരും പങ്കാളികളാണ്. കലാ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അനിൽ കാട്ടാക്കട. വസ്ത്രാലങ്കാരം വിനിത .കെ. തമ്പാനും മുരളീ ചന്ദ്രയും ചേർന്നാണ്.
















Comments