ലക്‌നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആയുധധാരികളായ കള്ളന്മാർ കവർന്നത് 600 പുതിയ മൊബൈൽ ഫോണുകളും ആറ് ലക്ഷം രൂപയും. സൈഫി മാർക്കറ്റിലെ നൂർ കമ്മ്യൂണിക്കേഷൻ ഷോറൂമിലാണ് മോഷണം നടന്നത്.
അടച്ചിരുന്ന ഷോറൂമിന്റെ ആറ് പൂട്ടുകൾ തകർത്താണ് കള്ളന്മാർ മോഷണം നടത്തിയത്. കള്ളന്മാർ കാറിൽ നിന്നിറങ്ങുന്ന ദൃശ്യങ്ങൾ പരിസരത്തെ സിസിടിവിയിൽ നിന്നും പോലീസ് ശേഖരിച്ചു. ഇതിൽ ചിലരുടെ മുഖം അവ്യക്തമാണ്.
മോഷണം നടന്ന സ്ഥലത്ത് പോലീസ് പട്രോളിംഗ് നടത്തിയിരുന്നു. ഇത് മുൻകൂട്ടി മനസിലാക്കിയ മോഷ്ടാക്കൾ ഷോറൂമിനടുത്ത് തന്നെ തക്കംപാർത്തിരിക്കുകയായിരുന്നു. പരിസരത്തെ ചില സിസിടിവി ക്യാമറകളും കള്ളന്മാർ നശിപ്പിച്ചിരുന്നു. എന്നാൽ ഇവരുടെ ശ്രദ്ധയിൽ പെടാത്ത ചില ക്യാമറകളുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.
മൊബൈൽ കടയുടമയുടെ പരാതി പ്രകാരം ഇയാൾക്ക് 2.5 കോടിയുടെ നഷ്ടമാണുണ്ടായത്. റിയൽമി, സാംസങ്, വിവോ, ഒപ്പോ, വൺപ്ലസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഫോണുകളാണ് കള്ളന്മാർ കവർന്നത്. ഷോറൂമിൽ എട്ട് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നുവെന്നും മോഷ്ടാക്കൾ അവയുടെ ദൃശ്യങ്ങൾ എല്ലാം നശിപ്പിച്ചുവെന്നും കടയുടമ പറഞ്ഞു.
സംഭവത്തെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കള്ളന്മാരെ പിടികൂടാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.
















Comments