ബംഗളൂരു: കന്നഡ താരം പുനീത് രാജ് കുമാറിന്റെ അപ്രതീക്ഷിത വിയോഗം താങ്ങനാകാതെ മരിക്കുന്ന ആരാധകരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. മരിക്കുന്നവരിലേറെയും പുനീതിനെപ്പോലെ തങ്ങൾക്കും കണ്ണുകൾ ദാനം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ഇതുവരെ 10 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ ഏഴ് പേർ ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്ന് പേർ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു പുനീതിന്റെ മരണം.
ആത്മഹത്യ ചെയ്ത മൂന്ന് ആരാധകരാണ് തങ്ങളുടെ കണ്ണുകളും ദാനം ചെയ്യണമെന്ന് എഴുതി വെച്ചത്. പുനീതും അച്ഛൻ രാജ്കുമാറും തങ്ങളുടെ കണ്ണുകൾ ദാനം ചെയ്തിരുന്നു. നാല് പേർക്കാണ് പുനീതിന്റെ കണ്ണുകൾ ദാനം ചെയ്തത്. അതിനൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു ശസ്ത്രക്രിയ. കണ്ണുകളുടെ കോർണിയ വേർപ്പെടുത്തിക്കൊണ്ട് മുന്നിലെ ഭാഗം രണ്ട് പേർക്കും പുറകിലേത് മറ്റ് രണ്ട് പേർക്കും നൽകുകയായിരുന്നു. പുനീതിന്റെ മരണത്തിന് പിന്നാലെ കർണ്ണാടകയിൽ കണ്ണുകൾ ദാനം ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചെത്തുന്നവരുടെ എണ്ണവും കൂടിയതായാണ് റിപ്പോർട്ടുകൾ.
അനേകൽ സ്വദേശിയായ രാജേന്ദ്രൻ, തുംകൂർ സ്വദേശിയായ ഭരത്, ചന്നപട്‌ന സ്വദേശിയായ വെങ്കിടേഷുമാണ് തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യണമെന്ന് കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്തത്. 31നാണ് രാജേന്ദ്ര മരിക്കുന്നത്. നവംബർ മൂന്നിന് ഭരത്തും, നവംബർ നാലിന് വെങ്കിടേഷും മരിച്ചു. മൂന്ന് പേരുടേയും കണ്ണുകൾ ദാനം ചെയ്തതായാണ് വിവരം.
അതിനിടെ പുനീതിന്റെ സമാധിയിടം കർണ്ണാടക സർക്കാർ സ്മാരകമാക്കി. പുനീതിന്റെ സിനിമകൾ പ്രദർശിപ്പിക്കാനായി സ്മാരകയിടത്തിൽ പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. കൂടാതെ താരത്തിന് ലഭിച്ച പുരസ്‌കാരങ്ങളും സ്മാരകത്തിൽ പ്രദർശിപ്പിക്കും. അച്ഛൻ രാജ്കുമാറിന്റെ സ്മാരകമുള്ള ബംഗളൂരുവിലെ കണ്ഡീരവ സ്റ്റുഡിയോയിലാണ് ഈ സ്മാരകവുമുള്ളത്. പത്ത് കോടി മുതൽ മുടക്കിലാണ് സ്മാരകം പണി തീർത്തിരിക്കുന്നത്.
ഹൃദയാഘാതത്തെ തുടർന്നാണ് പുനീതിന്റെ മരണം. സിനിമാ നടൻ എന്നതിലുപരി അദ്ദേഹം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. പുനീതിന്റെ മരണത്തോടെ തമിഴ്‌നടൻ വിശാൽ അതേറ്റെടുക്കാൻ തയാറായിരുന്നു. 1,800 കുട്ടികളുടെ പഠനച്ചെലവ് വിശാൽ ഏറ്റെടുത്തിരുന്നു. പുനീതിന്റെ സമാധിയിടത്തിൽ നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്. താരത്തിന്റെ വിയോഗം ഇപ്പോഴും ആരാധകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.
















Comments