തിരുവനന്തപുരം : പെട്രോളിന്റെയും , ഡീസലിന്റെയും വില വർദ്ധിക്കുന്നതിന് കേന്ദ്രസർക്കാരിനെതിരെ സമരം നടത്തുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി. കേന്ദ്രം നികുതി കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്‌ക്കില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പുതിയ സമര ‘ പ്രഖ്യാപനം ‘ .
പാര്‍ട്ടി കേന്ദ്ര കമ്മിറ്റി ആഹ്വാനപ്രകാരം നവംബര്‍ 16 നാണ് പ്രതിഷേധ ധര്‍ണ്ണ. അതത് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണിവരെയാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങള്‍ പ്രതിരോധിക്കാനുള്ള പ്രചരണ പരിപാടികള്‍ക്കും സംസ്ഥാന കമ്മിറ്റി രൂപം നല്‍കും. പരമാവധി ആളുകളെ പ്രതിഷേധത്തിൽ ഉൾപ്പെടുത്താനും കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് എക്‌സൈസ് നികുതിയിൽ കേന്ദ്രം കുറവ് വരുത്തിയത്. യുപിയും കർണാടകയും ബിഹാറും ഒഡീഷയും, ഹിമാചൽപ്രദേശും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ ഇതിന് അനുസരിച്ച് സംസ്ഥാന നികുതിയിലും കുറവ് വരുത്തിയിരുന്നു. എന്നാൽ കേരളത്തിൽ നികുതി കുറയ്‌ക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയാണ് നികുതി കുറയ്‌ക്കാനാകില്ലെന്നതിന്റെ കാരണമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നത്.
പെട്രോൾ വില കുറയാത്തതിന് കേന്ദ്രത്തെ പഴിചാരിയിരുന്ന സംസ്ഥാന സർക്കാർ ഇപ്പോൾ നികുതി കുറയ്‌ക്കുന്നില്ലെന്ന് മാത്രമല്ല ഇന്ധനവില കുറച്ച കേന്ദ്രസർക്കാരിനെതിരെ സമരവുമായി രംഗത്തിറങ്ങുകയുമാണ് .
Comments