ന്യൂഡൽഹി : കൊറോണ മഹാമാരിയെ തുടർന്നുള്ള അടച്ചിടലിന് ശേഷം ഡൽഹിയിലെമ്പാടുമുള്ള സ്‌കൂളുകൾ മുഴുവൻ ഇന്ന് തുറന്ന് പ്രവർത്തിക്കും. നേരത്തെ നവംബർ ഒന്നിന് പൊതു-സ്വകാര്യ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ദീപാവലി കഴിഞ്ഞതിന് ശേഷം സ്‌കൂൾ തുറക്കാമെന്ന് ഒരുവിഭാഗം സ്വകാര്യ സ്‌കൂളുകൾ തീരുമാനിക്കുകയായിരുന്നു.
സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി ക്ലാസ്മുറികളും സ്‌കൂൾ പരിസരവും പൂർണമായും അണുവിമുക്തമാക്കി.സ്‌കൂളുകൾ അണുവിമുക്തമാക്കുന്നതിന്റെ വീഡിയോ രക്ഷിതാക്കൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്.രക്ഷിതാക്കളുടെ സമ്മതപത്രമില്ലാതെ ഒരു വിദ്യാർത്ഥിയെ പോലും സ്‌കൂളുകളിൽ പ്രവേശിപ്പിക്കില്ലെന്ന് നിലപാട് ആണ് സ്‌കൂൾ അധികൃതർക്ക്. ഇമെയിലിലോ രേഖാമൂലമോ ഫോണിലൂടെയോ രക്ഷിതാവിന്റെ പൂർണ സമ്മതം അറിയിക്കാമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
സ്‌കൂളിൽ വരാത്തവർക്കായി ഓൺലൈൻ ക്ലാസുകൾ തുടരും. ഗതാഗത സൗകര്യങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികളും പൂർത്തിയായിട്ടുണ്ട്. നവംബർ 15 മുതൽ സ്‌കൂൾ ബസുകൾ ഓടി തുടങ്ങും. കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കണമെന്ന കർശന നിബന്ധനയോടെയാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. 50 ശതമാനം കുട്ടികളാണ് ഓരോ ക്ലാസ് മുറികളിലും ഉണ്ടാകേണ്ടതെന്നും മാതാപിതാക്കളുടെ അനുമതിയോടെയല്ലാതെ കുട്ടികൾക്ക് സ്‌കൂളിലേക്ക് വരാൻ സാധിക്കില്ലെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. സ്‌കൂൾ ജീവനക്കാരും അദ്ധ്യാപകരും വാക്സിന്റെ ഇരുഡോസുകളും സ്വീകരിച്ചിരിക്കണമെന്നും നിബന്ധനയുണ്ട്.
















Comments