ഗാന്ധിനഗർ: നടുക്കടലിൽ വെച്ച് തീപിടിച്ച മത്സ്യബന്ധന ബോട്ടിലകപ്പെട്ടവരെ രക്ഷപെടുത്തി കോസ്റ്റ് ഗാർഡ്. അറബിക്കടലിന്റെ ഗുജറാത്ത് തീരത്ത് 50 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ബോട്ടിന് തീപിടിച്ചത്. ഏഴ് പേരെ ബോട്ടിൽ നിന്നും രക്ഷപെടുത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. കാർവാറിന് സമീപം കടലിൽ മത്സ്യബന്ധനത്തിന് പോയവരാണ് ബോട്ടിൽ കുടുങ്ങിയത്.
വർദ വിനായക-1 എന്ന ബോട്ടിനാണ് തീ പടർന്നത്. ബോട്ടിന്റെ വീൽ ഹൗസിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. മാൽപെയിലെ കോസ്റ്റൽ സെക്യൂരിറ്റി പോലീസ് വിവരം അറിയിച്ചതിനെ തുടർന്നാണ് തീരസംരക്ഷണ സേനാംഗങ്ങൾ സ്ഥലത്തെത്തിയത്. മൂന്ന് മണിക്കൂർ നേരമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
കോസ്റ്റ് ഗാർഡിന്റെ ആരുഷ് കപ്പലാണ് രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചത്. അപകടത്തിൽ ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. തീപടർന്നതോടെ ബോട്ട് കടലിൽ മുങ്ങുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ലെന്ന് കോസ്റ്റൽ പോലീസ് അറിയിച്ചു.
https://twitter.com/DefencePRO_Guj/status/1457328432795172874
Comments