ന്യൂഡൽഹി : പദ്മപുരസ്‌കാര ജേതാക്കളുടെ ജീവിത കഥ നാം ഓരോരുത്തരും അറിഞ്ഞിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും ഉയർന്നുവന്ന് മികച്ച നേട്ടം സ്വന്തമാക്കിയവരാണ് ഓരോരുത്തരും. ഇവരുടെ ജീവിത കഥ നമുക്ക് വലിയ പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രകൃതി മുതൽ സംരംഭംവരെ, കൃഷി മുതൽ കലവരെ, ശാസ്ത്രം മുതൽ സാമൂഹിക സേവനംവരെ, ഭരണനിർവ്വഹണം മുതൽ സിനിമവരെ.. പദ്മപുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഓരോരുത്തർക്കും വ്യത്യസ്തമായ ജീവിതങ്ങളാണ് ഉള്ളത്. അതിനാൽ ഓരോരുത്തരുടെയും ജീവിത കഥ അറിയാൻ ഓരോരുത്തരോടും ആവശ്യപ്പെടുന്നു. ഓരോരുത്തരുടെയും ജീവിതം പ്രചോദനം നൽകുന്നതാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആദ്യമായി പദ്മ പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ അതിയായ സന്തോഷമുണ്ട്. സമൂഹത്തിന്റെ താഴെതട്ടിൽ നിന്നും ഉയർന്നുവന്ന് പൊതുജന നന്മയ്‌ക്കായി അമൂല്യസംഭാവനകൾ നൽകിയവരെ അംഗീകരിക്കുന്ന ചടങ്ങിനാണ് സാക്ഷിയായിരിക്കുന്നത്. പദ്മപുരസ്‌കാരങ്ങൾ സ്വന്തമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
119 പേർക്കാണ് ഇക്കുറി ബഹുമതി ലഭിച്ചത്. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാംനാഥ് കോവിന്ദ് ബഹുമതികൾ വിതരണം ചെയ്തു. പ്രധാനമന്ത്രിയ്‌ക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരും വിവിധ കേന്ദ്രമന്ത്രിമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Comments