ന്യൂഡൽഹി : 60 വർഷങ്ങൾ, ഒരു ലക്ഷത്തോളം വൃക്ഷങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിനായി മാത്രം ജീവിതം ഉഴിഞ്ഞുവെച്ച തുളസി ഗൗഡയെ തേടിയെത്തിയത് അർഹിക്കുന്ന ബഹുമതി. രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയ ഈ 72 കാരിയുടെ ജീവിതം നൽകുന്ന സന്ദേശം പ്രകൃതിയെ നെഞ്ചോട് ചേർക്കണമെന്ന ആഹ്വാനമാണ്.
കർണാടകയിലെ ഹലക്കി ഗോത്ര വിഭാഗക്കാരിയാണ് തുളസി ഗൗഡ. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച തുളസിയുടെ ബാല്യകാലം ദുരിതപൂർണമായിരുന്നു. അതുകൊണ്ടുതന്നെ പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ ഇവർക്കായില്ല. എന്നാൽ ഇന്ന് പ്രകൃതിയിലെ ഏത് ജന്തുജാലങ്ങളെക്കുറിച്ചും വലിയ അറിവാണ് തുളസിയ്‌ക്കുള്ളത്.
12ാം വയസ്സു മുതലാണ് തുളസി പ്രകൃതി സംരക്ഷണത്തിനായി മരങ്ങൾ നട്ടുവളർത്താൻ ആരംഭിച്ചത്. വഴിയരികിലും മറ്റും ആയിരക്കണക്കിന് മരങ്ങൾ നട്ടുവളർത്തി പരിപാലിച്ചു. തുളസിയുടെ പ്രകൃതി സ്‌നേഹം മനസ്സിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സന്നദ്ധപ്രവർത്തകയാക്കി. വനംവകുപ്പിലെ സ്ഥിരം നിയമനമായിരുന്നു തുളസിയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ആദ്യത്തെ അംഗീകാരം.
ഉത്തരകന്നഡയിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മരങ്ങൾ തുളസിയുടെ കഠിനാധ്വാനമാണ്. തന്റെ മരങ്ങളിൽ മനുഷ്യനുൾപ്പെടെയുള്ള ജന്തു ജാലങ്ങൾ അഭയം പ്രാപിക്കുന്നത് കാണുന്നതിൽ സന്തോഷവതിയാണ് തുളസി. തന്റെ പ്രകൃതി സ്‌നേഹവും അറിവും പുതുതലമുറയ്‌ക്ക് തുളസി പകർന്നു നൽകുകയും ചെയ്യുന്നു.
















Comments