വാഴ്‌സോ: ബെലാറസുമായുള്ള കിഴക്കൻ അതിർത്തിയിലൂടെ കുടിയേറ്റക്കാർ രാജ്യത്തേക്ക് കടക്കാനുള്ള ശ്രമങ്ങൾ തടഞ്ഞ് പോളണ്ട്. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവരാണ് കുടിയേറ്റക്കാർ. നൂറുകണക്കിന് ആളുകൾ അതിർത്തിയിലെ മുള്ളുവേലിക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. ചിലർ ബലപ്രയോഗത്തിലൂടെ പോളണ്ടിലേക്ക കടക്കാൻ ശ്രമിച്ചു.
പോളിഷ് സർക്കാർ തിങ്കളാഴ്ച ഒരു അടിയന്തിരയോഗം വിളിക്കുകയും 12,000 സൈനികരെ മേഖലയിലേക്ക് വിന്യസിക്കുകയും ചെയ്തു. ബെലാറസ് കുടിയേറ്റക്കാരെ അതിർത്തിയിലേക്ക് തള്ളിവിടുകയാണെന്ന് പോളണ്ട് ആരോപിച്ചു. അതിനെ ശത്രുതാപരമായ പ്രവർത്തനമായി വിശേഷിപ്പിച്ചു. പോളണ്ടും ലിത്വാനിയയും ലാത്വിയയും പറയുന്നത് അടുത്ത മാസങ്ങളിൽ ബെലാറസിൽ നിന്ന് തങ്ങളുടെ രാജ്യങ്ങളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ടെന്നാണ്.
ബെലാറസിന്റെ സ്വേച്ഛാധിപതിയായ പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ ഉപരോധത്തിനെതിരായ പ്രതികാരമായി കുടിയേറ്റം സുഗമമാക്കിയെന്ന് യൂറോപ്യൻ യൂണിയൻ ആരോപിച്ചു. കുസ്നിക്കയിൽ ബെലാറസുമായുള്ള അതിർത്തി അടയ്‌ക്കുന്നതായി പോളിഷ് ബോർഡർ ഗാർഡ് അറിയിച്ചു. കഴിക്കാനും കുടിക്കാനും തീരെ കുറവായതിനാൽ അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ജനങ്ങൾ ദുരിതമനുഭവിക്കുകയാണെന്ന് കുടിയേറ്റക്കാരിൽ ഒരാളായ അഹമ്മദ് പറഞ്ഞു.
പോളണ്ടുമായുള്ള അതിർത്തിയിലെ കുടിയേറ്റക്കാരുടെ വർദ്ധനയെക്കുറിച്ച് ആശങ്കയുണ്ടെന്നും മേഖലയിൽ സുരക്ഷ നിലനിർത്താൻ തയ്യാറാണെന്നും നാറ്റോ സഖ്യം പറഞ്ഞു. അതിനിടെ ലിത്വാനിയയിൽ കുടിയേറ്റക്കാരുടെ പ്രവാഹത്തെ തടയാൻ തയ്യാറെടുക്കുന്നതിനായി സർക്കാർ ബെലാറസുമായുള്ള അതിർത്തിയിലേക്ക് സൈനികരെ മാറ്റി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
തിങ്കളാഴ്ചത്തെ സംഭവവികാസങ്ങളോട് പ്രതികരിച്ച യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നും, ബെലാറഷ്യൻ ഭരണകൂടത്തിനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. അതിനിടെ രാജ്യത്തിന്റെ അതിർത്തി കടന്ന് യൂറോപ്പിലേക്ക് അനധികൃതമായി കുടിയേറുന്നത് തടയാനും, പ്രേരിപ്പിക്കാനുമുള്ള പ്രചാരണം ഉടനടി നിർത്താനും ലുകാഷെങ്കോയോട് അമേരിക്ക ആവശ്യപ്പെട്ടു.
Comments