ചെന്നൈ: തമിഴ്‌നാട്ടിൽ അതിതീവ്ര മഴ തുടരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ 20 ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന വ്യാപകമായി ശക്തമായ മഴ പെയ്തത്. ന്യൂനമർദ്ദം കൂടുതൽ ശക്തമാകുമെന്നും തമിഴ്‌നാട് തീരത്തേക്ക് പ്രവേശിച്ചേക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 1700ഓളം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 530 വീടുകൾ പൂർണമായും നശിക്കുകയും അഞ്ച് പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ചെന്നൈ, ചെങ്കൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, കൂഡല്ലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, മയിലാഡുതുറൈ എന്നിവിടങ്ങളിൽ ദ്വിദിന അവധി പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
മഴക്കെടുതിയുടെ ദുരിതങ്ങൾ തീരുന്നതുവരെ അമ്മ കാന്റീനിൽ നിന്നും സൗജന്യ ഭക്ഷണം ലഭിക്കുന്നതാണെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് തമിഴ്‌നാട്ടിൽ മഴ വ്യാപകമായത്. 2015ന് ശേഷം സംസ്ഥാനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ മഴയാണിത്. നവംബർ 11ഓടെ മഴ കുറയുമെന്നാണ് പ്രവചനം.
ഇതിനിടെ മഴയെ തുടർന്ന് ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായതോടെ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെ ഹൈക്കോടതി വിമർശിച്ചിരുന്നു. വെള്ളപ്പൊക്കം നിരന്തരമായിട്ടും ശാശ്വത പരിഹാരത്തിനായി നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് വിമർശനം. ഓരോ വർഷവും പകുതി വരെ വെള്ളത്തിനായി കരയുകയും അടുത്ത പകുതിയോടെ ആളുകളൾ വെള്ളത്തിൽ മുങ്ങിമരിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
















Comments