ന്യൂഡൽഹി : ടി-ട്വന്റി ലോക റാങ്കിൽഇന്ത്യൻ താരം വിരാട് കോലിക്ക് വൻ തിരിച്ചടി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ലോകറാങ്കിംഗിൽ നാലാം സ്ഥാനത്തുനിന്ന് താരം എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.
ടി-ട്വന്റി ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ മത്സരങ്ങൾ അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന ഐസിസി റാങ്കിങ്ങിലാണ് വിരാട് കോലിക്ക് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്. ടി 20 ലോകകപ്പിലെ കോലിയുടെ നിറം മങ്ങിയ പ്രകടനത്തിന് പിന്നാലെ വന്ന റാങ്കിംഗിലാണ് താരം പിന്നോട്ട് പോയത്.അവസാന രണ്ട് മത്സരങ്ങളിൽ മുൻ നായകൻ ബാറ്റ് ചെയ്തിരുന്നില്ല.
ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ കെ എൽ രാഹുലും രോഹിത് ശർമയും റാങ്കിങ്ങിൽ മുന്നോട്ട് കുതിച്ചു. രാഹുൽ മൂന്നു സ്ഥാനങ്ങൾ ഉയർന്ന് അഞ്ചാം സ്ഥാനത്തെത്തി. പാക് ഓപ്പണർ മുഹമ്മദ് റിസ്വാനേയും രാഹുൽ റാങ്കിങ്ങിൽ മറികടന്നു.കോലിയും രാഹുലുമാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ കളിക്കാർ. രണ്ടു റാങ്കുകൾ മുന്നിൽക്കയറിയ രോഹിത് ശർമ 15ാം റാങ്കിലെത്തി.
സൗത്ത് ആഫ്രിക്കൻ ബാറ്റ്‌സ്മാന്മാരായ എയ്ഡൻ മാർക്രമും റസ്സി വാൻ ഡർ ഡസ്സനും റാങ്കിങ്ങിൽ കുതിപ്പ് പ്രകടമാക്കി. മാർക്രം മൂന്നാം റാങ്കിലേക്കും ഡസ്സൻ പത്താം റാങ്കിലുമെത്തി. 6 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഡസ്സൻ പത്തിലെത്തിയത്. ബാറ്റ്‌സ്മാന്മാരിൽ പാക് താരം ബാബർ അസം ആണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാൻ രണ്ടാം സ്ഥാനത്തും ഓസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ച് നാലാം സ്ഥാനത്തുമാണ്.
Comments