മുംബൈ: കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒരു ഡോസു പോലും സ്വീകരിക്കാത്തവർക്ക് ഇനിമുതൽ റേഷനും, പാചകവാതകവും, ഇന്ധനവും നൽകരുതെന്ന് ഔറംഗബാദ് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ജില്ലയിലെ വ്യാപാരികൾക്ക് നൽകിയതായി ജില്ലാ കളക്ടർ സുനിൽ ചവാൻ പറഞ്ഞു.
36 ജില്ലകളുള്ള മഹാരാഷ്‌ട്ര സംസ്ഥാനത്ത് വാക്‌സിനേഷന്റെ കാര്യത്തിൽ 26ാം സ്ഥാനമാണ് ഔറംഗബാദിനുള്ളത്. അർഹരായ 55 ശതമാനം ആളുകൾ മാത്രമേ നിലവിൽ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുള്ളൂ. എന്നാൽ സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ മുഴുവൻ വാക്‌സിനേഷൻ ശതമാനം 74 കടന്നതായി കളക്ടർ അറിയിച്ചു.
കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരുടെ വാക്‌സിൻ സർട്ടിഫിക്കേറ്റ് പരിശോധിച്ച ശേഷം മാത്രം സാധനങ്ങൾ നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. ഈ ഉത്തരവ് പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ ഔറംഗബാദിലുള്ള സ്മാരകങ്ങളിലും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രവേശനാനുമതി നൽകൂ എന്ന് കളക്ടർ അറിയച്ചിരുന്നു. ജില്ലയിലെ ആളുകൾക്കിടയിൽ വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളാണ് ജില്ലാഭരണകൂടം നടപ്പിലാക്കുന്നത്.
കർഷകർക്കും അത്തരത്തിലുള്ള മറ്റ് ജോലികളിൽ ഏർപ്പെട്ടവർക്കും മാത്രമായി വൈകുന്നേരങ്ങളിൽ പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ പ്രതിരോധ കുത്തിവെയ്പ്പിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നിരവധി പരിപാടികളും ഭരണം കൂടം സംഘടിപ്പിച്ചു വരുന്നു.
















Comments