ന്യൂഡൽഹി: അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തോട് അനുകൂലമായി പ്രതികരിച്ച് താലിബാൻ. കൂടിക്കാഴ്ച അഫ്ഗാനിൽ സമാധാനവും സ്ഥിരതയും സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. അഫ്ഗാൻ വിഷയത്തിലെ ഉന്നതതല കൂടിക്കാഴ്ചയെ ഒരു നല്ല സൂചനയായാണ് കാണുന്നതെന്നും സുഹൈൽ ഷഹീൻ പറഞ്ഞു. ഇന്നലെ അജിത് ഡോവലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇറാൻ, റഷ്യ, കസാക്കിസ്താൻ, കിർഗിസ്താൻ, തജിക്കിസ്താൻ, തുർക്ക്‌മെനിസ്താൻ, ഉസ്‌ബെക്കിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. ചൈനയേയും പാക്കിസ്ഥാനേയും കൂടിക്കാഴ്ചയിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഇതിൽ പങ്കെടുക്കില്ലെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു.
രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കി സമാധാനത്തിനും സ്ഥിരതയ്‌ക്കും സംഭാവന നൽകുന്ന ഏതൊരു നീക്കത്തേയും പിന്തുണയ്‌ക്കുമെന്നും സുഹൈൽ ഷഹീൻ വ്യക്തമാക്കി. ”അഫ്ഗാനിസ്താന്റെ പുനർനിർമ്മാണത്തിനും ജനങ്ങളുടെ സമാധാനത്തിനും സുസ്ഥിരതയ്‌ക്കും വേണ്ടി പ്രവർത്തിക്കുമെന്നാണ് അവർ തീരുമാനിച്ചതെങ്കിൽ അത് നല്ല കാര്യമാണ്. അത് തന്നെയാണ് ഞങ്ങളും ലക്ഷ്യമിടുന്നത്. അഫ്ഗാനിലെ ജനങ്ങൾ ഇതെല്ലാം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവർ ധാരാളം കഷ്ടതകൾ അനുഭവിച്ച് വരികയായിരുന്നു. ഇപ്പോൾ രാജ്യത്ത് നടപ്പാക്കുന്ന സാമ്പത്തിക പദ്ധതികൾ പൂർത്തിയാക്കണമെന്നും, പുതിയവ തുടങ്ങണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതിന് പുറമെ അഫ്ഗാനിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ കിട്ടണമെന്നും ആഗ്രഹിക്കുന്നുണ്ട്. ഡൽഹിയിലെ ഉന്നതതല യോഗത്തിൽ പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളോടും ഞങ്ങൾ യോജിക്കുകയാണെന്നും’ സുഹൈൽ ഷഹീൻ പറഞ്ഞു.
അഫ്ഗാന്റെ മണ്ണ് ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്ന് കൂടിക്കാഴ്ചയിൽ നേതാക്കൾ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തേയും താലിബാൻ പിന്തുണച്ചു. ‘ അഫ്ഗാന്റെ മണ്ണിൽ ഭീകരവാദം വളരുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. അഫ്ഗാന്റെ മണ്ണ് മറ്റൊരു രാജ്യത്തിനെതിരെയോ വ്യക്തിക്കെതിരെയോ സ്ഥാപനത്തിനെതിരെയോ ഉപയോഗിക്കാൻ അനുവദിക്കില്ല. ദോഹ കരാറിലും ഈ കാര്യങ്ങൾ സമ്മതിച്ചിട്ടുള്ളതാണ്’ സുഹൈൽ ഷഹീൻ പറഞ്ഞു. കൂടിക്കാഴ്ചയിൽ പാകിസ്താൻ പങ്കെടുക്കാതിരുന്നതിനെ പറ്റിയും സുഹൈൽ പ്രതികരിച്ചിട്ടുണ്ട്. ‘ പാകിസ്താൻ ഒരു രാജ്യമാണ്. അവരുടെ കാര്യങ്ങൾ തീരുമാനിക്കാനുള്ള എല്ലാ അവകാശങ്ങളും അവർക്കുണ്ട്. ഞങ്ങളെ സംബന്ധിച്ച് അഫ്ഗാനിൽ സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കുക എന്നതാണ് ആവശ്യം. രാജ്യത്തെ സാമ്പത്തിക പദ്ധതികൾ പുനരുജ്ജീവിപ്പിക്കണമെന്നും’ അദ്ദേഹം പറഞ്ഞു.
















Comments