തിരുവനന്തപുരം: ഇന്ധന നികുതി കുറയ്‌ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് നിഷേധാത്മകമാണെന്ന് പ്രതിപക്ഷം. ഇന്ധന വിലവർദ്ധനവ് ജനങ്ങളിൽ ബുദ്ധിമുട്ടും ആശങ്കയും സൃഷ്ടിക്കുന്നുവെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച് എംഎൽഎ കെ ബാബു പറഞ്ഞു. ആറ് വർഷമായി സംസ്ഥാനം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്നും ഒരു തവണ കുറച്ചുവെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകി.
കേന്ദ്രം അധിക നികുതി ഏർപ്പെടുത്തിയതിനാലാണ് വില ഉയർന്നു നിൽക്കുന്നത്. കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാനം വില കുറച്ചിട്ടുണ്ട്. നികുതി കൂട്ടിയവരാണ് കുറയ്‌ക്കേണ്ടത്. ശതമാന നിരക്കിലാണ് കേരളം നികുതി നിശ്ചയിക്കുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോൾ 13 തവണ നികുതി കൂട്ടിയെന്നും ബാലഗോപാൽ വിശദീകരിച്ചു.
രാജസ്ഥാനിൽ കൊറോണ കാലത്ത് 13 തവണ നികുതി കൂട്ടിയിരുന്നു. കേരളം കൊറോണ കാലത്ത് നികുതി വർദ്ധിപ്പിച്ചിരുന്നില്ല. കേവലം ഒരു രൂപയുടേയോ രണ്ട് രൂപയുടേയോ പ്രശ്‌നം അല്ല. സർക്കാർ അതിനെക്കാൾ വലിയ ആനുകൂല്യങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നികുതി കുറച്ചത് ആശ്വാസമാണെന്നാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ച് കെ.ബാബു ചൂണ്ടിക്കാട്ടിയത്.
ഞങ്ങൾ കുറയ്‌ക്കില്ലെന്ന നിലപാടാണ് കേരളത്തിന്. ഒരു പൈസപോലും കേന്ദ്രം കുറയ്‌ക്കരുതെന്നാണ് ധനമന്ത്രിയുടെ മനസിൽ. കേരളത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്നത് ഗൗരവമുള്ള പ്രശ്‌നമാണ്. വാഹനം ഇടിച്ചു വഴിയിൽ കിടക്കുന്ന ആളിന്റെ വിരലിലെ മോതിരം അടിച്ചു മാറ്റുന്ന നിലപാടാണ് സംസ്ഥാനത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഇക്കാര്യത്തിലെങ്കിലും പ്രതികരിക്കണമെന്നും ബാബു ആവശ്യപ്പെട്ടു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
അതിനിടെ ഇന്ധന നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ്് എംഎൽഎമാർ നിയമസഭയിലേക്ക് എത്തിയത് സൈക്കിളിലാണ്. പ്രതിഷേധത്തെ ധനമന്ത്രി പരിഹസിക്കുകയും ചെയ്തു. പാർലമെന്റിലേക്ക് പ്രതിപക്ഷം കാളവണ്ടിയിൽ പോകട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവിടെ നിന്ന് 19 പേർ അവിടെയുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.
















Comments