ന്യൂഡൽഹി: അഫ്ഗാനിൽ താലിബാൻ പിടിമിറുക്കിയതോടെ എല്ലാ നയതന്ത്രങ്ങളിലും പരാജയപ്പെട്ട് അമേരിക്കയും റഷ്യയും ഇന്ത്യക്ക് പിന്നാലെ. ചൈന അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ശക്തമായി സ്വാധീനിക്കാൻ തുടങ്ങിയതോടെയാണ് ഇരുപ്പുറയ്‌ക്കാതെ അമേരിക്കയും റഷ്യയും ഇന്ത്യയുമായി സജീവ ചർച്ചകൾ പുനരാരംഭിച്ചിരിക്കുന്നത്. ഇന്നലെ ഡൽഹി അഫ്ഗാൻ സംഭാഷണത്തിന് റഷ്യമുൻകൈ എടുത്തതിന് പിന്നിൽ ചൈനയുടെ മുന്നേറ്റത്തിലുള്ള അസ്വസ്ഥതയാണെന്ന് പ്രതിരോധ വിദഗ്ധർ.
സിൻജിയാംഗ് മേഖലയിലേക്ക് താലിബാൻ ഭീകരർ കടക്കാതിരിക്കുക എന്ന ഏക ലക്ഷ്യമാണ് ചൈനയുടേത്. ഉയിഗുറുകളെ സഹായിക്കുന്ന ഇസ്ലാമിക ഭീകരരെ ഒതുക്കുക എന്നതാണ് അതിനുള്ള ഏകമാർഗ്ഗമായി ചൈന കാണുന്നത്. അഫ്ഗാനെ ശക്തമായ സൈനിക വാണിജ്യ കേന്ദ്രമാക്കിമാറ്റാനുള്ള ദീർഘകാലപദ്ധതിയാണ് ചൈന മെനയുന്നത്. ഒപ്പം ഇന്ത്യയെ വളയുന്ന വിധം എക്കാലത്തേക്കും ഫലപ്രദമായ സൈനിക താവളമെന്ന ലക്ഷ്യവുമുണ്ട്.
അതേ സമയം തങ്ങളുടെ അയൽരാജ്യങ്ങളിലേക്ക് താലിബാൻ ഭീകരരെ വ്യാപിപ്പിക്കാനുള്ള കുതന്ത്രം ചൈന പയറ്റുമെന്ന ഭീഷണിയാണ് റഷ്യക്ക് മുന്നിലുള്ളത്. ഇതിനിടെ മുൻ സോവിയറ്റ് രാജ്യങ്ങൾ അതിർത്തി പങ്കിടുന്ന അഫ്ഗാൻ മേഖലകളിൽ ഭീകരതയുടെ അടിവേരറുക്കുക എന്ന ലക്ഷ്യമാണ് റഷ്യക്ക് മുന്നിലുള്ളത്.ഒപ്പം ചൈനയുടെ ആധിപത്യം വ്യാപിക്കുന്നത് തടയുക എന്നതും അനിവാര്യമാണ്.
അഫ്ഗാനിൽ ഇരുപത് വർഷം നിലയുറപ്പിച്ചിട്ടും ഭരണകൂടത്തെ ശക്തമാക്കാൻ കഴിയാതിരുന്നതാണ് അമേരിക്കയുടെ വൻ പരാജയമായി വിലയിരുത്തപ്പെടുന്നത്. അവർ ഇപ്പോൾ ഭയക്കുന്നത് ഐ.എസ്-അൽ ഖ്വായ്ദ കൂട്ടുകെട്ട് ശക്തിപ്രാപിക്കുന്നതിനെയാണ്. ഇതിനിടെ ഇന്ത്യയെ ഒരു സമയത്തും അഫ്ഗാനിലെ ചർച്ചകളിൽ വേണ്ടപോലെ പരിഗണിക്കാ തിരുന്നതിന്റെ ക്ഷീണവും അമേരിക്ക അനുഭവിക്കുകയാണ്. ഇതിനെല്ലാം പരിഹാരം എന്ന നിലയിലാണ് അഫ്ഗാനിലെ താലിബാനെ പ്രതിരോധിക്കാൻ അമേരിക്കയും റഷ്യയും ഇന്ത്യയുടെ വിവിധ മേഖലയിലെ ശക്തിയെ ആശ്രയിക്കാനൊരുങ്ങുന്നത്.
Comments