തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് സിഎജി റിപ്പോർട്ട്. റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും ഉപയോഗിക്കുന്നത് വായ്പ്പാ തിരിച്ചടവിനാണ്. സംസ്ഥാനത്തിന്റെ പൊതുകടം മുൻ വർഷത്തെക്കാൾ വർദ്ധിച്ചിട്ടുണ്ട്. 1.02 ശതമാനമാണ് വർദ്ധിച്ചത്. മുൻ സാമ്പത്തിക വർഷങ്ങളിലെ 4735 കോടി രൂപയുടെ അധിക ചെലവ് സർക്കാർ ക്രമപ്പെടുത്തിയിട്ടില്ല. ചെലവ് നിയന്ത്രണം അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കിഫ്ബി വായ്പ്പകളുടെ വിശദാംശങ്ങൾ ബജറ്റിലും അക്കൗണ്ടുകളിലും ഉൾപ്പെടുത്തണമെന്ന് സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാരിൽ നിന്നും ലഭിക്കുന്ന പെട്രോളിയം സെസും മോട്ടോർ വാഹന നികുതിയും വിനിയോഗിച്ചാണ് കിഫ്ബിയുടെ തിരിച്ചടവ് നടത്തുന്നത്. അതുകൊണ്ട് തന്നെ സർക്കാരിന്റെ സാമ്പത്തിക രേഖകൾ ഈ വായ്പ്പകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന്റെ മൊത്തം കടം 2,74,136 കോടി രൂപയാണ്. കടം വാങ്ങുന്നത് തുടരുകയാണെങ്കിൽ ഭാവി തലമുറയ്ക്ക് ഭാരമാകുമെന്ന് സിഎജി റിപ്പോർട്ടിൽ വിമർശിച്ചു. സംസ്ഥാന സർക്കാർ റവന്യൂ കമ്മി നിയന്ത്രിക്കണമെന്നും നിർദ്ദേശമുണ്ട്. റവന്യൂ വരുമാനത്തിൽ വലിയ വർദ്ധനയാണ് സംസ്ഥാനത്തുണ്ടായത്. 31 ശതമാനം വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2015-16ൽ 69,033 കോടി രൂപയായിരുന്നു റവന്യൂ വരുമാനം. 2019-20ൽ ഇത് 90,225 കോടി രൂപയായി ഉയർന്നു.
സംസ്ഥാനം സാമ്പത്തികമായി മുന്നേറുന്നതിന് വേണ്ടി നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും പൂർത്തിയാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു. മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക ചെലവ് ക്രമപ്പെടുത്തിയിട്ടില്ല. 2011 മുതൽ 2018 വരെ ക്രമപ്പെടുത്തിയത് 4735 കോടി രൂപയാണ്. അപര്യാപ്തമായ ചെലവ് നിയന്ത്രണമാണ് നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
















Comments