പത്തനംതിട്ട: കൊറോണ നിയന്ത്രണങ്ങളുടെ പേരിൽ ശബരിമലയിൽ ദർശനത്തിന് അനുമതി നൽകുന്ന തീർത്ഥാടകരുടെ എണ്ണം കുറച്ചിട്ടും ഭക്തരുടെ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടുന്നതിന് പോലീസിന്റെ വിലക്ക്. തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്‌ക്കൽ ബേസ് ക്യാമ്പിലെ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്ത ശേഷം പമ്പയിലേക്കും തിരിച്ചും കെഎസ്ആർടിസി യുടെ നിലയ്‌ക്കൽ-പമ്പ ചെയിൻ സർവീസിൽ യാത്ര ചെയ്യണമെന്നാണ് പോലീസിന്റെ നിർദ്ദേശം.
വാഹനങ്ങളിൽ തങ്ങുന്ന ഡ്രൈവർമാർ ഉണ്ടെങ്കിൽ തീർഥാടകരെ പമ്പയിൽ ഇറക്കിയതിനു ശേഷം വാഹനം തിരികെ നിലയ്‌ക്കൽ കൊണ്ടുവന്ന് പാർക്ക് ചെയ്യണം. മുൻകാലങ്ങളിൽ വാഹനങ്ങൾ പമ്പയിലെ പാർക്കിംഗ് പൂർത്തിയാകുമ്പോഴാണ് നിലയ്‌ക്കലിലേക്ക് തിരിച്ചുവിട്ടിരുന്നത്. എന്നാൽ അടുത്ത വർഷങ്ങളിലെ തീർത്ഥാടന സീസണുകളിൽ കെഎസ്ആർടിസിക്ക് കൂടുതൽ വരുമാനം ഉണ്ടാക്കാൻ വേണ്ടിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.
നിലയ്‌ക്കലിലും പമ്പയിലും ഈ സർവ്വീസുകൾക്കായി കാത്തുനിൽക്കേണ്ടി വരുന്നതും സർവ്വീസുകൾ ഇടയ്‌ക്കിടെ മുടങ്ങുന്നതും ഭക്തർക്ക് സ്ഥിരം തലവേദനയാണ്. പലപ്പോഴും ഇതിന്റെ പേരിൽ ഭക്തർ പ്രത്യക്ഷ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതും പതിവാണ്. ഇത്തരം പ്രശ്‌നങ്ങൾ ഇക്കുറിയും ആവർത്തിക്കുമെന്നും തീർത്ഥാടകരുടെ എണ്ണം കുറച്ച സ്ഥിതിക്ക് പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
സ്വന്തം വാഹനമില്ലാതെ നിലയ്‌ക്കൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന തീർത്ഥാടകർ മാത്രമാണ് നേരത്തെ കെഎസ്ആർടിസിയുടെ ചെയിൻ സർവ്വീസിനെ ആശ്രയിച്ചിരുന്നത്. എന്നാൽ അധികവരുമാനം ലക്ഷ്യമിട്ട് മറ്റ് വാഹനങ്ങൾ വിലക്കിയതോടെ ഭക്തർ ചെയിൻ സർവ്വീസിനെ നിർബന്ധിതമായി ആശ്രയിക്കേണ്ട സ്ഥിതിയിലായി.
പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ താമസിക്കുന്നതിനോ തങ്ങുന്നതിനോ തീർത്ഥാടകർക്ക് ഇക്കുറി അനുവാദം ഇല്ല. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള യാത്രയിൽ നീലിമല, അപ്പാച്ചിമേട് പാത ഉപയോഗിക്കാതെ സ്വാമി അയ്യപ്പൻ റോഡ് മാത്രം ഉപയോഗിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. പമ്പ ഗണപതി കോവിൽ നടപ്പന്തലിലെ കൗണ്ടറിലാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരുടെ വെരിഫിക്കേഷൻ നടത്തുന്നത്.
















Comments