ഇടുക്കി : 2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ ഉണ്ടായ പിഴവാണെന്ന സിഎജി റിപ്പോർട്ടിനെതിരെ മുൻ മന്ത്രി എംഎം മണി. തീവ്രമായ മഴയെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെയാണ് അണക്കെട്ട് തുറന്നത്. സാഹചര്യം പരിഗണിക്കാതെ തയ്യാറാക്കിയ റിപ്പോർട്ടിൽ രാഷ്‌ട്രീയ ഇടപെടലുകൾ ഉള്ളതായാണ് സംശയിക്കുന്നതെന്നും മണി പ്രതികരിച്ചു.
അണക്കെട്ടുകൾ തുറന്നുവിട്ടതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന റിപ്പോർട്ട് തെറ്റാണ്. അണക്കെട്ടുകൾ എന്തുകൊണ്ട് തുറന്നുവിടേണ്ടിവന്നു എന്നത് സാമാന്യ ബുദ്ധിയ്‌ക്ക് നിരക്കുന്ന രീതിയിൽ സിഎജി പരിശോധിക്കണം. അതല്ലാതെ അണക്കെട്ട് തുറന്നു വിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പറഞ്ഞു നടക്കുന്നതിൽ കാര്യമില്ല. ഇത് വികലമായ കാഴ്ചപ്പാടാണെന്നും അദ്ദേഹം പറഞ്ഞു.
യഥാർത്ഥത്തിൽ അന്നുണ്ടായ അപ്രതീക്ഷിത മഴയാണ് പ്രളയത്തിന് കാരണമായത്. അത് മനസ്സിലാക്കണം. അതില്ലാതെയുള്ള സിഎജി റിപ്പോർട്ട് യഥാർത്ഥമല്ല. അതിൽ എന്തോ രാഷ്‌ട്രീയക്കളിയുണ്ടെന്നാണ് സംശയിക്കുന്നതെന്നും മണി ആരോപിച്ചു.
ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനങ്ങളാണ് സിഎജി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ളത്. സംസ്ഥാന സർക്കാരിന്റെ പ്രളയ മുന്നൊരുക്കവും പ്രതിരോധവും എന്ന റിപ്പോർട്ടിലാണ് ഡാം മാനേജ്മെന്റിൽ സംഭവിച്ചിരിക്കുന്ന വീഴ്ചകൾ വ്യക്തമാക്കിയിട്ടുള്ളത്. മഹാപ്രളയ കാലത്ത് പല ഡാമിനും റൂൾ കർവ് ഇല്ലായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളിൽ 2011നും 2019നും ഇടയിൽ ജലസംഭരണ ശേഷി സർവ്വേ നടത്തിയിട്ടില്ല. 2018ലെ പ്രളയത്തിന് ശേഷവും സംസ്ഥാനം അതേ നിലപാട് തുടർന്നു. പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ ഇപ്പോഴും സംസ്ഥാന ജലനയത്തിലില്ലെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.
Comments