ചെന്നൈ: അതിശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങിയ ചെന്നൈ നഗരം അധികൃതരുടെ പിടിപ്പുകേടിന്റെയും വീഴ്ചയുടെയും ഉത്തമ ഉദാഹരണമാണെന്ന് വിമർശനം. 2015 ഡിസംബറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായി നഗരത്തിലെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയ സാഹചര്യം ആണ്. മൺസൂൺ കൈകാര്യം ചെയ്തതിലും മുന്നൊരുക്കങ്ങളിലെ വീഴ്ചകളിലും അധികൃതർക്കതിരെ വിമർശനം ശക്തമാവുകയാണ്.
ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് വന്ന പിഴവാണ് നഗരത്തിൽ മഴക്കെടുതി ഇത്രയധികം രൂക്ഷമാകാൻ എന്ന ആരോപണമാണ് ശക്തമാവുന്നത്. മഴയും വെള്ളക്കെട്ടും ഉണ്ടായ സാഹചര്യത്തിൽ അപകടസാധ്യത കൂടുതലാണെന്നും ജനങ്ങൾ കഴിവതും പുറത്തിറങ്ങരുതെന്നും ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. കോടതി പോലും കഴിഞ്ഞ ദിവസം നഗരസഭയുടെ വീഴ്ചയെ വിമർശിച്ചിരുന്നു.
വെള്ളപ്പൊക്കത്തിന്റെ സാധ്യത നഗരത്തിൽ ഉണ്ടായിരുന്നിട്ടും, പ്രധാന കനാലുകളിലടക്കം വെള്ളം ഒഴുകിപോകുന്നതിന് നേരിട്ട തടസവും, അശാസ്ത്രീയമായ നിർമ്മാണങ്ങളും നഗരത്തിൽ മഴക്കെടുതി രൂക്ഷമാക്കി എന്നാണ ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ആറ് വർഷം മുൻപേ ഉണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം സമാനമായ പ്രതിസന്ധി നേരിടാൻ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ തയ്യാറെടുത്തിരുന്നോ എന്നാണ് വിദഗ്ധർ ഉന്നയിക്കുന്ന പ്രധാന ചോദ്യം.
2018 മുതൽ 900 കിലോമീറ്ററിലധികം നീളത്തിൽ അഴുക്കുചാൽ നിർമ്മിച്ചുവെന്ന് കോർപ്പറേഷൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് എത്രത്തോളം സഹായകമായി എന്ന ചോദ്യമാണ് വിദഗ്ധർ ഉന്നയിക്കുന്നത്. അടുത്തിടെ നഗരത്തിന് സമീപത്തെ ജലാശയങ്ങളിൽ ചിലത് മണ്ണിട്ടു നികത്തിയതും മഴക്കെടുതിയുടെ ആഘാതം വർദ്ധിപ്പിച്ചു.
കഴിഞ്ഞ ദിവസം ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. വെള്ളപ്പൊക്കം തടയാൻ നാളിതുവരെയായിട്ടും യാതൊരു സജ്ജീകരണങ്ങളും നടത്താത്ത കോർപ്പറേഷന്റെ അനാസ്ഥയെയാണ് ഹൈക്കോടതി വിമർശിച്ചത്.വെള്ളപ്പൊക്കത്തിന് പരിഹാരം കണ്ടില്ലെങ്കിൽ നഗരസഭയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
മഴക്കെടുതിയെ തുടർന്ന് പലഭാഗങ്ങളിൽ നിന്നും രൂക്ഷമായ വിമർശനമാണ് നഗരസഭയ്‌ക്ക് നേരിടേണ്ടി വരുന്നത്. പാഠം ഉൾക്കൊണ്ട് അധികൃതർ ഇനിയൊരു മൺസൂൺ കൈകാര്യം ചെയ്യാൻ നഗരം സജ്ജമാക്കുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയെ തുടർന്ന് സംസ്ഥാനത്ത് 169 ലധികം ദുരിതാശ്വാസ ക്യാമ്പുകൾ ആണ് പ്രവർത്തിക്കുന്നത്.മഴയ്‌ക്ക് അൽപംശമനം വന്ന സാഹചര്യത്തിൽ വെള്ളം കയറിയിരുന്ന പ്രദേശങ്ങളെല്ലാം വൃത്തിയാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെയാണ് സംസ്ഥാനത്ത് അതിശക്തമായ മഴ പെയ്തത്.
Comments