യാഗോൺ :മ്യാന്മറിൽ മാദ്ധ്യമ പ്രവർത്തകന് 11 വർഷം തടവ്. അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനായ ഡാനി ഫെൻസ്റ്ററിനാണ് തടവ് ശിക്ഷ.വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും പ്രകോപനപരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിനുമുൾപ്പടെ നിരവധി കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു.അതേസമയം നിയമവിരുദ്ധ സംഘടനകളുമായി ബന്ധപ്പെട്ടതിനും വിസ ചട്ടങ്ങൾ ലംഘിച്ചതിനും കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് ഫെൻസ്റ്ററിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
ഫ്രോണ്ടിയർ മ്യാന്മർ എന്ന ഓൺലൈൻ മാസികയുടെ മാനേജിങ്ങ് എഡിറ്ററാണ് ഫെൻസ്റ്റർ. കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ തീവ്രവാദ കുറ്റവും രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. കഴിഞ്ഞ മെയിലാണ് ഫെൻസ്റ്ററിനെ യാഗോൺ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് മ്യാന്മർ സൈന്യം പിടികൂടിയത്.കുടുംബത്തെ സന്ദർശിക്കാൻ അമേരിക്കയിലേക്ക് പോകാനായി വിമാനത്തിൽ കയറാനാരുങ്ങവെയാണ് സൈന്യം ഇയാളെ തടഞ്ഞു വെച്ചത്.
ആംഗ് സാൻ സ്യൂകി സർക്കാരിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം രാജ്യത്ത് പത്ര-മാദ്ധ്യമ രംഗം വലിയ തിരിച്ചടിയാണ് നേരിടുന്നത്. പ്രധാനപ്പെട്ട പല പത്രസ്ഥാപനങ്ങളും അടച്ചുപൂട്ടി. അടച്ചുപൂട്ടിയ ചില സ്ഥാപനങ്ങൾ ലൈസൻസില്ലാതെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്ന പല മാദ്ധ്യമ പ്രവർത്തകരും അറസ്റ്റ് ഭയന്ന് ഓൺലൈൻ ആയാണ് പ്രവർത്തിക്കുന്നത്.100 ലധികം മാദ്ധ്യമ പ്രവർത്തകരെ വിവിധ കേസുകളിൽ അറസ്റ്റു ചെയ്തു.
Comments