ന്യൂഡൽഹി: കായിക രംഗത്ത് രാജ്യത്തിന്റെ കീർത്തി വാനോളം ഉയർത്തിയ അതുല്യ താരങ്ങൾക്ക് ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാര ദാനം നിർവഹിക്കും.
ടോക്കിയോ ഒളിംപിക്‌സിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് മെഡൽ കരസ്ഥമാക്കിയ നീരജ് ചോപ്ര, ഗുസ്തി താരം രവികുമാർ, ബോക്‌സർ ലോവ്‌ലിന ബോർഗോഹെയ്ൻ, ഹോക്കി താരം പി.ആർ ശ്രീജേഷ്, പാരാ ഷൂട്ടർ അവനി ലേഖര, പാരാ ബാഡ്മിന്റൺ താരങ്ങളായ പ്രമോദ് ഭഗത്, കൃഷ്ണ നഗർ, പാരാ ജാവലിൻ മത്സരത്തിലെ താരം സുമിത് ആന്റിൽ, പാരാ ഷൂട്ടർ മനീഷ് നർവാൾ, എന്നിവർ ഏറ്റുവാങ്ങും. ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ് താരം മിതാലി രാജ്, ഹോക്കി താരം മൻപ്രീത് സിംഗ് എന്നിവരുൾപ്പെടെ 12 കായിക താരങ്ങൾക്കാണ് ഖേൽരത്‌ന പുരസ്‌കാരം സമ്മാനിക്കുന്നത്.
അർപിന്ദർ സിംഗ്, സിമ്രൻജിത് കൗർ, ശിഖർ ധവാൻ, ഭവാനി ദേവി, മോണിക്ക, വന്ദന കടാരിയ, സന്ദീപ് നർവാൾ, ഹിമാനി ഉത്തം പരബ്, അഭിഷേക് വർമ, അങ്കിത റെയ്‌ന, ദീപക് പുനിയ, ദിൽപ്രീത് സിംഗ്, ഹർമൻ പ്രീത് സിംഗ്, രൂപീന്ദർ പാൽ സിംഗ്, സുരേന്ദർ കുമാർ, അമിത് രോഹിദാസ്, ബീരേന്ദ്ര ലക്ര, സുമിത്, നീലകണ്ഠ ശർമ്മ, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, ഗുർജന്ത് സിംഗ്, മൻദീപ് സിംഗ്, ഷംഷേർ സിംഗ്, ലളിത് കുമാർ ഉപാധ്യായ, വരുൺ കുമാർ, സിമ്രൻജീത് സിംഗ്, യോഗേഷ് കത്തൂനിയ, നിഷാദ് കുമാർ, പ്രവീൺ കുമാർ, സുഹാഷ് യതിരാജ്, സിംഗ്‌രാജ് അദാന, ഭവിന പട്ടേൽ, ഹർവിന്ദർ സിംഗ്, ശരദ് കുമാർ എന്നിവരാണ് അർജുന അവാർഡ് കരസ്ഥമാക്കുന്ന കായിക താരങ്ങൾ.
ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മലയാളിയായ ബോക്‌സിങ് താരം കെ.സി ലേഖയ്‌ക്കും, അഭിജിത് കുന്റെ, ദേവീന്ദർ സിംഗ് ഗാർച്ച, കാകാസ് കുമാർ, സജ്ജിൻ സിംഗ് എന്നിവർക്കും സമ്മാനിക്കും. രാധാകൃഷ്ണൻ നായർ, ടിപി ഔസേപ്പ്, സർക്കാർ തൽവാർ, സർപാൽ സിംഗ്, ആശാൻ കുമാർ, തപൻ കുമാർ പാനിഗ്ര എന്നിവർക്ക് ദ്രോണാചാര്യ പുരസ്‌കാരവും സമ്മാനിക്കും.
Comments