ഹൈദരാബാദ് : സംഗീത ജീവിതം അവസാനിപ്പിച്ച് പ്രശസ്ത റാപ്പർ റുഹാൻ അർഷാദ്. മതാചാര പ്രകാരം ജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് അദ്ദേഹം സംഗീതം ഉപേക്ഷിച്ചത്. ഇസ്ലാം മതത്തിൽ സംഗീതം ഹറാം (വിരുദ്ധം) ആണെന്ന് യൂട്യൂബ് വീഡിയോയിലൂടെ റുഹാൻ വ്യക്തമാക്കി.
അതിയായ സന്തോഷത്തോടെയാണ് സംഗീത ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നതെന്ന് റുഹാൻ പറഞ്ഞു. ഇതിൽ രണ്ടാമതൊന്ന് തീരുമാനിക്കേണ്ട ആവശ്യമില്ല. സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും താൻ പൂർണമായും വിട്ടു നിൽക്കുകയാണ്. സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്ന് അറിയാമെന്നും റാപ്പർ വ്യക്തമാക്കി.
സംഗീതം ഇഷ്ടമാണെന്ന് പറഞ്ഞ റുഹാൻ തന്റെ ഇഷ്ടം ഉപേക്ഷിക്കാൻ നിർബന്ധിതനായിരിക്കുകയാണെന്നും പറഞ്ഞു. സംഗീതം പേരും പ്രശസ്തിയും നൽകി. ജീവിതത്തിൽ നല്ലതു മാത്രം സംഭവിക്കാൻ ദൈവം സഹായിക്കുമെന്നാണ് കരുതുന്നത്. സംഗീതം ഉപേക്ഷിച്ചെങ്കിലും യൂട്യൂബിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് തുടരുമെന്നും റുഹാൻ കൂട്ടിച്ചേർത്തു.
ആന്ധ്രാപ്രദേശിൽ നിരവധി ആരാധകരുള്ള റാപ്പർ ആണ് റുഹാൻ. മിയാ ഭായ് എന്ന ഗാനമാണ് റുഹാനെ ഏറെ പ്രശസ്തനാക്കിയത്. 2019 ൽ യൂട്യൂബിൽ പങ്കുവെച്ച ഗാനം 500 മില്യൺ ആളുകളാണ് കണ്ടത്.
Comments