കൊച്ചി: ആരാധനാലയങ്ങളിലേക്കുള്ള ട്രെയിനുകളിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം നൽകാനായി പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവെ. തീർത്ഥാടനത്തിനായി ഒരു സാത്വിക് അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ ഇന്ത്യൻ റെയിൽവെ ലക്ഷ്യമിടുന്നത്. തീർഥാടന ടൂറിസത്തിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവെ തിരഞ്ഞെടുത്ത റൂട്ടുകളിൽ ‘ശുദ്ധ സസ്യാഹാര’ പരിസ്ഥിതിയുടെ അനുഭവം നൽകുക എന്നതാണ് ഇന്ത്യൻ റെയിൽവെ ഉദ്ദേശിക്കുന്നത്. ഇതിനായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യയുമായി കരാറിൽ ഒപ്പിട്ടു കഴിഞ്ഞു. കരാർ പ്രകാരം വെജിറ്റേറിയൻ ഭക്ഷണം തിരഞ്ഞെടുക്കുന്ന ട്രെയിനുകൾക്ക് ഇനി ‘സാത്വിക് സർട്ടിഫിക്കേഷൻ’ ലഭിക്കും.
ഡൽഹിയിൽ നിന്ന് വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് പോകുന്ന ഡൽഹി-കത്ര വന്ദേ ഭാരത് എക്‌സ്പ്രസ് ആയിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ ട്രെയിൻ. വരും ദിവസങ്ങളിൽ മറ്റ് 18 ട്രെയിനുകൾക്കും പദ്ധതി പ്രകാരം സർട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.വെജിറ്റേറിയൻ സൗഹൃദയാത്ര പ്രോത്സാഹിപ്പിക്കുക എന്ന ആശയമാണ് സാത്വിക് കൗൺസിൽ ഓഫ് ഇന്ത്യ ഇതിലൂടെ മുൻപോട്ടുവെയ്‌ക്കുന്ന ആശയം. ആരാധനാലയങ്ങളിലേക്കുള്ള ട്രെയിനുകൾക്ക് മാത്രമെ ഈ സർട്ടിഫിക്കറ്റ് ലഭ്യമാകൂ. എന്നാൽ ഐആർസിടിസിയോ, റെയിൽവേ മന്ത്രാലയമോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. ചില ദേശീയ മാദ്ധ്യമങ്ങൾ ഇതു സംബന്ധിച്ച് വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാത്വിക് കൗൺസിൽ ആണ് ഇതു സംബന്ധിച്ചുള്ള ചില സൂചനകൾ മാദ്ധ്യമങ്ങൾക്ക് നൽകിയത്. ‘സാത്വിക് സർട്ടിഫിക്കേഷൻ സ്കീം’ ന് കീഴിൽ ഐആർസിടിസി ബേസ് കിച്ചൻ, എക്‌സിക്യൂട്ടീവ് ലോഞ്ച്, ബജറ്റ് ഹോട്ടൽ, ഫുഡ് പ്ലാസ, ട്രാവൽ ആൻഡ് ടൂർ പാക്കേജുകൾ, റെയിൽ നീർ പ്ലാന്റ് തുടങ്ങിയ സേവനങ്ങൾ ഉറപ്പാക്കും.സാത്വിക് പരിഷത്തും ഐആർസിടിസിയും സംയുക്തമായി ‘വെജിറ്റേറിയൻ കിച്ചൺ’ എന്ന പുസ്തകം പുറത്തിറക്കുന്ന കാര്യവും ആലോചനയിലുണ്ട്. ലോകമെമ്പാടും സസ്യാഹാരത്തെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹ്യ അന്തരീക്ഷം കൊണ്ടുവരിക എന്നതാണ് സർട്ടിഫിക്കേഷന്റെ ഉദ്ദേശ്യം.സർട്ടിഫിക്കേഷൻ ലഭിക്കുന്ന ഭക്ഷണത്തിന്റെ പാക്കറ്റിലോ ലേബലിലോ ഇത് വ്യക്തമാക്കും.
അടുത്തിടെയാണ് സസ്യാഹാരത്തിനുള്ള സാത്വിക് സർട്ടിഫിക്കേഷൻ ലോകമെമ്പാടും ആരംഭിച്ചത്.ഇസ്‌ലാമിക ഭക്ഷണത്തിനായുള്ള ‘ഹലാൽ’ സർട്ടിഫിക്കേഷനും ജൂതന്മാർക്കുള്ള ‘കോഷർ’ സർട്ടിഫിക്കേഷനും നിലനിൽക്കെ ആണ് തീർത്ഥാടകർക്ക് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതിനായുള്ള ഇന്ത്യൻ റെയിൽവെയുടെ പുതിയ സംരംഭം. വെജിറ്റേറിയൻ ഭക്ഷണത്തിനായുള്ള സാത്വിക് കൗൺസിൽ സർട്ടിഫിക്കേനും ഇതിനോടനുബന്ധിച്ചാണ് പുറത്തിറക്കിയത്.
















Comments