ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനികൾക്ക് രാജ്യത്തിന്റെ ആദരം; ബിർസ മുണ്ഡ സ്മൃതി ഉദ്യാനവും മ്യൂസിയവും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും

Published by
Janam Web Desk

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനി ബിർസ മുണ്ഡ സ്മൃതി ഉദ്യാനവും ഫ്രീഡം ഫൈറ്റേഴ്‌സ് മ്യൂസിയവും പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തിന് സമർപ്പിക്കും. ബിർസ മുണ്ഡയുടെ ജന്മദിനമായ നാളെ ജൻജാതിയ ഗൗരവ് ദിവസായി ആഘോഷിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഈ ആഘോഷത്തിന്റെ ഭാഗമായി നാളെ റാഞ്ചിയിലെ മെമ്മോറിയൽ ഗാർഡൻ വെർച്വലായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗോത്രസമൂഹം നടത്തിയ ധീരമായ ചെറുത്തുനിൽപ്പിന്് പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലായ്‌പ്പോഴും ഊന്നൽ നൽകാറുണ്ട്. 2016ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ഗോത്രവർഗ്ഗ സ്വാതന്ത്ര്യസമര സേനാനികളുടെ പങ്കെടുത്ത് പറഞ്ഞിരുന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ സംഭാവനകളാണ് പ്രധാനമന്ത്രി അന്ന് ചൂണ്ടിക്കാട്ടിയത്. അവരുടെ സ്മരണയ്‌ക്കായി മ്യൂസിയങ്ങൾ നിർമ്മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

25 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നതാണ് മ്യൂസിയം. വരും തലമുറയ്‌ക്ക് ഗോത്രവർഗക്കാരുടെ ത്യാഗങ്ങളെ കുറിച്ച് അറിയാൻ കഴിയുന്ന തരത്തിലേക്ക് സ്മാരകങ്ങളാണ് കേന്ദ്രസർക്കാർ നിർമ്മിക്കുന്നത്. ബിർസ മുണ്ഡ തന്റെ ജീവൻ ബലിയർപ്പിച്ച റാഞ്ചിയിലെ പഴയ സെൻട്രൽ ജയിലിലാണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. ഝാർഖണ്ഡ് സർക്കാരുമായി സഹകരിച്ചായിരുന്നു മ്യൂസിയത്തിന്റേയും ഉദ്യാനത്തിന്റേയും നിർമ്മാണം. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു വനവാസി സ്വാതന്ത്ര്യ സമര നേതാവാണ് ബിർസാ മുണ്ഡ.

1875 നവംബർ 15ന് ജാർഖണ്ഡിലാണ് അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിക്കുകയും സാമ്രാജ്യത്വത്തിനെതിരെ ഗോത്ര വർഗക്കാരെ അണിനിരത്തുകയും ചെയ്തു. ഒരേ സമയം രാഷ്‌ട്രീയാധികാരത്തിനായുള്ള സമരം നയിക്കുന്നതോടൊപ്പം തന്നെ സാമൂഹികവും മതപരവുമായ മാനങ്ങളും ബിർസയുടെ മുന്നേറ്റങ്ങൾക്കുണ്ടായിരുന്നു. മുണ്ഡ എന്ന വനവാസി വിഭാഗത്തിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ സമരത്തിന് നേതൃത്വം നൽകി. 1900 ജൂൺ 9 ന് ജയിലിൽ വച്ചാണ് ബിർസ മരിക്കുന്നത്.

ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രം തൂക്കിയിട്ടുണ്ട്. ബിർസ മുണ്ടയ്‌ക്കൊപ്പം, രക്തസാക്ഷി ബുദ്ധു ഭഗത്, സിദ്ധുകൻഹു, നിലമ്പർപീതാംബർ, ദിവാകിസുൻ, തെലങ്ക ഖാദിയ, ഗയാ മുണ്ട, ജത്ര ഭഗത്, പോട്ടോ എച്ച്, ഭഗീരഥ് തുടങ്ങിയ വ്യത്യസ്ത പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ആദിവാസി സ്വാതന്ത്ര്യ സമര സേനാനികളെയും മ്യൂസിയം ഉയർത്തിക്കാട്ടും. 25 അടി ഉയരമുള്ള ഭഗവാൻ ബിർസ മുണ്ടയുടെ പ്രതിമയും 9 അടി ഉയരമുള്ള മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളും മ്യൂസിയത്തിലുണ്ടാകും.

Share
Leave a Comment