തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മധ്യ-വടക്കൻ ജില്ലകളിൽ മഴ കനക്കും. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ടിന് സമാനമായ ജാഗ്രതയാണ് എല്ലാ ജില്ലകളിലും തുടരുന്നത്.
ചില ജില്ലകളിൽ ഇന്നലെ രാത്രി മഴയ്‌ക്ക് നേരിയ ശമനമുണ്ടായിരുന്നു. എന്നാലും ജാഗ്രത തുടരണം. മത്സ്യ തൊഴിലാളികൾ കടലിൽ പേകരുത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറൻ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാൻ കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അതേസമയം ബുധനാഴ്ചയോടെ അറബിക്കടലിൽ ഗോവ മഹാരാഷ്‌ട്ര തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചു. കേരള സർവകലാശാലയും മഹാത്മ ഗാന്ധി സർവകലാശാലയും സാങ്കേതിക സർവകലാശാലയും ആരോഗ്യ സർവകലാശാലയും ഇന്നത്തെ പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
Comments