ന്യൂഡൽഹി : മണിപ്പൂരിലുണ്ടായ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പിന്നിൽ ചൈനയുടെ കറുത്ത കരങ്ങളെന്ന് സൂചന. അടുത്തിടെ സുരക്ഷാ സേന പിടികൂടിയ ഭീകരരിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകുന്നത്. വടക്ക് കിഴക്കൻ മേഖലയിലെ സായുധ സംഘടനകൾക്ക് മ്യാൻമറിലെ അരാകൻ സേനയുമായും, യുണൈറ്റഡ് വാ സ്റ്റേറ്റ് സേനയുമായും ബന്ധമുള്ളതായുള്ള ഉന്നത ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ സംശയങ്ങൾക്ക് ബലമേകുന്നു.
മണിപ്പൂരിൽ നിന്നും പിടികൂടുന്ന ഭീകരരുടെ പക്കൽ നിന്നും ചൈനീസ് നിർമ്മിത ആയുധങ്ങളാണ് കണ്ടെടുക്കാറുള്ളത്. ഇതാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിലുൾപ്പെടെ ചൈനയ്‌ക്ക് പങ്കുണ്ടെന്ന സൂചന നൽകുന്നത്. അടുത്തിടെയായി മ്യാൻമാറിലേക്ക് ചൈനീസ് നിർമ്മിത ആയുധങ്ങളുടെ ഒഴുക്ക് വർദ്ധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും ചൈനയുടെ സ്വാധീനം ഉണ്ടാകുന്നതിന് കാരണമായെന്നാണ് വിലയിരുത്തൽ.
മണിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും, മണിപ്പൂർ നാഗാ ഫ്രണ്ടുമാണ് അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസറുടെയും കുടുംബത്തിന്റെയും മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് ഭീകരാക്രമണം നടത്തിയത് എന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിരുന്നു. ആക്രമണം നടത്തിയ ഭീകരർക്കായുള്ള തെരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്.
Comments