ഇറ്റാനഗർ : മണിപ്പൂരിൽ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് അസം റൈഫിൾസ്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. തെക്കൻ അരുണാചൽ പ്രദേശിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നഗാലിം സംഘടനയിൽ ചേർന്ന് പ്രവർത്തിക്കുന്ന ഭീകരരെയാണ് വധിച്ചത്. മണിപ്പൂരിൽ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം ഭീകർക്കായി അസം റൈഫിൾസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് മൂന്ന് പേരെ വധിച്ചത്. അസം റൈഫിൾസിന്റെ ആറം നമ്പർ ട്രൂപ്പ് ആണ് ഭീകരർക്ക് ശക്തമായ തിരിച്ചടി നൽകിയത്.
രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. ലോംഗ്ദിംഗ് മേഖലയിൽ പരിശോധന നടത്തുന്നതിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. സേനാംഗങ്ങളെ കണ്ട ഭീകരർ വെടിയുതിർക്കുകയായിരുന്നു. സേനയും തിരിച്ചടിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
മണിപ്പൂരിൽ കഴിഞ്ഞ ദിവസം 46 അസം റൈഫിൾസ് കമാൻഡിംഗ് ഓഫീസറും കുടുംബവും നാല് സൈനികരും കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം പീപ്പിൾസ് ലിബറേഷൻ ആർമി ഓഫ് മണിപ്പൂരും മണിപ്പൂർ നാഗാ ഫ്രണ്ടും ആയിരുന്നു ഏറ്റെടുത്തിരുന്നത്. എങ്കിലും കൂടുതൽ ഭീകര സംഘടനകൾക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് സൂചന. ആക്രമണത്തിന് ശേഷം ഇവരുടെ ശക്തി കേന്ദ്രങ്ങളിൽ തിരിച്ചടി നൽകാനുളള തയ്യാറെടുപ്പുകൾ അസം റൈഫിൾസ് തുടങ്ങിയിരുന്നു.
Comments