സുൽത്താൻപൂർ: സുൽത്താൻപൂർ ജില്ലയിൽ കർവാൾ ഖേരിയിലെ പൂർവാഞ്ചൽ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെത്തും. 340.8 കിലോമീറ്റർ നീളമുള്ള ആറുവരി പാതയാണിത്. ഉച്ചയ്‌ക്ക് 1:30 നാണ് ഉദ്ഘാടനച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ട്.
ഉദ്ഘാടനത്തിന് ശേഷം എക്‌സ്പ്രസ് വേയിൽ നിർമ്മിച്ച എയർസ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ നടത്തും. അടിയന്തര ഘട്ടങ്ങളിൽ ഐഎഎഫ് യുദ്ധവിമാനങ്ങൾ ഇറങ്ങുന്നതിനും പറന്നുയരുന്നതിനുമായിട്ടാണ് ഈ എയർസ്ട്രിപ്പ് നിർമ്മിച്ചിരിക്കുന്നത്. 3.2 കിലോമീറ്റർ നീളമാണ് ഈ എയർസ്ട്രിപ്പുനുള്ളത്. വ്യോമസേനയുടെ സുഖോയ്-30, മിറാഷ് 2000, റഫേൽ, എഎൻ-32 എന്നീ യുദ്ധവിമാനങ്ങൾ വ്യോമാഭ്യാസ പ്രകടനത്തിൽ പങ്കെടുക്കും. ഇതിന് ശേഷം പ്രദേശത്ത് നടക്കുന്ന ഒരു റാലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ലക്നൗവിനെ കിഴക്കൻ യുപിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ എക്‌സ്പ്രസ് വേ. ബരബങ്കി, അമേഠി, സുൽത്താൻപൂർ, അയോദ്ധ്യ, അംബേദ്കർ നഗർ, അസംഗഡ്, മൗ, ഗാസിപൂർ ജില്ലകളിലൂടെയാണ് ഇത് കടന്നു പോകുന്നത്. ഈ ജില്ലകളിലെ സാമ്പത്തിക വികസനത്തിനും എക്‌സ്പ്രസ് വേ ഏറെ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ലക്നൗവിലെ ചൗദ്സരയ് ഗ്രാമത്തിൽ നിന്ന് ആരംഭിക്കുന്ന പാത യുപി-ബിഹാർ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹൈദരിയ ഗ്രാമത്തിലാണ് അവസാനിക്കുന്നത്. 22,500 കോടി രൂപയാണ് എക്‌സ്പ്രസ് വേയുടെ മൊത്തം ചെലവ്.
















Comments