പാലക്കാട്; എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. സഞ്ജിത്തിന്റെ കൊലപാതകം രാഷ്‌ട്രീയസംഘർഷത്തിന്റെ ഭാഗമായി നടന്നതല്ലെന്നും തീവ്രവാദ അക്രമം ആണ് നടന്നതെന്നും ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. എന്നിട്ടും സഞ്ജിത്തിന്റെ ക്രമിനൽ പശ്ചാത്തലം വിവരിക്കാനാണ് ജില്ലാ പോലീസ് മേധാവി ഇന്നലെ ശ്രമിച്ചത്. എന്നാൽ 2019 ന് ശേഷം സഞ്ജിത്ത് ഒരു കേസിലും പ്രതിയല്ലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
സഞ്ജിത്ത് കൊല്ലപ്പെടേണ്ട ആൾ തന്നെയാണെന്ന സന്ദേശമാണോ എസ്പി നൽകിയതെന്നും പി.കെ കൃഷ്ണദാസ് ചോദിച്ചു. അവിടെ നടക്കുന്ന സംഭവങ്ങളുടെ പേരിൽ കഥ ചമച്ച് മാദ്ധ്യമങ്ങളുടെ മുൻപിൽ അവതരിപ്പിക്കുകയല്ല പോലീസ് മേധാവി ഇന്നലെ ചെയ്യേണ്ടിയിരുന്നത്. മറിച്ച് കൊലപാതകികളെ കണ്ടെത്താനായിരുന്നു പോലീസ് ശ്രമിക്കേണ്ടത്. തീവ്രവാദ പ്രവർത്തനത്തെ അങ്ങനെ തന്നെ കാണണം. എന്നാൽ ജില്ലാ പോലീസ് മേധാവിയും അതിനെ ലഘൂകരിക്കാനാണ് ശ്രമിച്ചത്. പ്രതികളെ വെളളപൂശാൻ ശ്രമിക്കുന്നത് പൊറുക്കാൻ കഴിയില്ലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
എസ്ഡിപിഐയുടെ പ്രതികരണവും പോലീസ് വിശദീകരണത്തിന്റെ ചുവടുപിടിച്ചായിരുന്നു. പോലീസ് മേധാവിക്ക് ഇത്തരമൊരു വിശദീകരണം നൽകാൻ ആരാണ് നിർദ്ദേശം നൽകിയത്. ഒന്നുകിൽ എസ്ഡിപിഐയുടെയോ സിപിഎമ്മിന്റെയോ കേന്ദ്രങ്ങളിൽ നിന്നാകും ഈ നിർദ്ദേശമെന്നും കൃഷ്ണദാസ് പറഞ്ഞു.
ഏതെങ്കിലും കേസിൽ പ്രതിയാണെങ്കിൽ അത് കൊലപാതകത്തിന് കാരണമാണോയെന്നും പി.കെ കൃഷ്ണദാസ് ചോദിച്ചു. അങ്ങനെയെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റ് രാഷ്‌ട്രീയ നേതാക്കളുടെയും കാര്യം എന്താകുമെന്നും അദ്ദേഹം ആരാഞ്ഞു. 24 മണിക്കൂർ പിന്നിട്ടിട്ടും ഒരു പ്രതിയെപ്പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടായ ഇടത് -ജിഹാദി സഖ്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ കൊലപാതകങ്ങൾ. സഞ്ജിത്തിന് നേരെ ഇതിന് മുൻപ് മൂന്ന് തവണ വധശ്രമം ഉണ്ടായിട്ടുണ്ട്. ആ കേസുകളിൽ പ്രതികളെ പിടികൂടാനോ അന്വേഷിക്കാനോ തയ്യാറായിരുന്നെങ്കിൽ ഇത് നടക്കുമായിരുന്നില്ല.
രണ്ടാഴ്ചയ്‌ക്കുളളിൽ എസ്ഡിപിഐക്കാർ വകവരുത്തുന്ന രണ്ടാമത്തെ ബിജെപി- ആർഎസ്എസ് പ്രവർത്തകനാണ്. സമൂഹത്തെ ഭീതിപ്പെടുത്തുന്ന കൊലപാതകങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നു. സാമാന്യമര്യാദ അനുസരിച്ച് അപലപിക്കാൻ പോലും തയ്യാറായിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറിയും അതിന് തയ്യാറായില്ല. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും മൗനം എസ്ഡിപിഐയ്‌ക്ക് അറുകൊല നടത്താനുളള സമ്മതമായിട്ടാണ് തോന്നുന്നതെന്നും പി.കെ കൃഷ്ണദാസ് പാലക്കാട് പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
















Comments