തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ആൻഡമാൻകടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം 18ാം തിയതിയോടെ തമിഴ്‌നാട് ആന്ധ്ര തീരത്തേക്ക് അടുക്കും. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ വ്യാപകമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും അതിശക്തമായ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയുണ്ട്.
വെള്ളി, ശനി ദിവസങ്ങളിൽ മദ്ധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ വ്യാപകമാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയുള്ള കാറ്റിന് സാധ്യതയുളളതിനാൽ ഇന്നും കേരള തീരത്തു നിന്ന് മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു.
Comments