ചരിത്രം, ആത്മീയത, ധ്യാനം, സാഹസികത. അതെ, മനുഷ്യന് എല്ലാം അനുഭവിക്കാൻ കഴിയുന്ന ഗുഹകളുണ്ട് നമ്മുടെ ഭാരതത്തിൽ. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള ഘരാപുരി ദ്വീപിൽ, മുംബൈ മഹാനഗരത്തിൽ നിന്ന് വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന പരമശിവ കഥകൾ കല്ലിൽ വിരിയിക്കുന്ന എലിഫന്റാ ഗുഹകളാണവ….
മോണുമെന്റ്‌സ് ഓഫ് ഇന്ത്യയുടെ പുതിയ അദ്ധ്യായത്തിലൂടെ മഹാരുദ്രന്റെ കഥകൾ ആലേഖനം ചെയ്ത വിസ്മയക്കാഴ്ചകളുടെ സമ്മേളനമൊരുക്കുന്ന എലിഫന്റാ ഗുഹകളെക്കുറിച്ചറിയാം… ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് എലിഫന്റാ ഗുഹകൾ….എ ഡി അഞ്ചാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ഈ ഗുഹകൾ നിർമ്മിച്ചതെന്ന് കരുതുന്നു.ഘരാപുരി അല്ലെങ്കിൽ ഘരാപൂർ ദ്വീപ് അതായത് ഗുഹകളുടെ നഗരം, എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം പിന്നീട് എലിഫെന്റാ കേവ്‌സ് ആയി മാറുകയായിരുന്നു. പോർച്ചുഗീസുകാരാണ് ഇതിന് ‘എലിഫന്റാ ഗുഹകൾ ‘എന്ന് പുനർ നാമകരണം ചെയ്തത്.
അഞ്ച് ഹൈന്ദവ ക്ഷേത്രങ്ങളും രണ്ട് ബുദ്ധക്ഷേത്രങ്ങളുമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ആറായിരം ചതുരശ്ര അടിയോളമാണ് ഇവിടുത്തെ ക്ഷേത്ര സമുച്ചയത്തിന്റെ വിസ്തീർണ്ണം… ഒരു പ്രധാന അറയും രണ്ട് വശങ്ങളിലെ അറകളും അങ്കണങ്ങളും ചെറിയ അമ്പലങ്ങളുമടങ്ങിയതാണ് സമുച്ചയം. ഗുഹ 1 എന്ന് അറിയപ്പെടുന്ന വലിയ ഗുഹ ഹിന്ദു ദേവതകളുടെ ആരാധനാലയമായിരുന്നു. മലഞ്ചെരുവിൽ സമുദ്രത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ഗുഹ എല്ലോറ ഗുഹകളിലെ കൈലാസ ക്ഷേത്രത്തോട് സാമ്യമുള്ളതാണ്.
അതിമനോഹരമായ ശിൽപങ്ങളാൽ നിറഞ്ഞതാണ് ഈ ഗുഹ…മണ്ഡപം, ആകർഷകമായ തൂണുകളുടെ നിരകളാൽ താങ്ങിനിർത്തിയിരിക്കുന്നു. മണ്ഡപത്തിൽ ഓരോ ഭിത്തിയിലും ശിവന്റെ കൊത്തുപണികൾ ഉണ്ട്, ഓരോന്നിനും 5 മീറ്ററിലധികം ഉയരമുണ്ട്. ശിവന്റെ മൂന്ന് മുഖങ്ങളുള്ള ശില്പമാണിവിടുത്തെ പ്രത്യേകത.. അർധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവൻ, കൈലാസം ഉയർത്തുന്ന രാവണൻ, അന്ധകാരമൂർത്തി, നടരാജൻ എന്നീ ശില്പങ്ങളാണ് മറ്റ് പ്രധാന ആകർഷണങ്ങൾ….കൂറ്റൻ ബസാൾട്ട് പാറയിൽ നിന്ന് കൊത്തിയെടുത്ത മൂന്ന് ഗുഹകളിൽ ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ക്ഷേത്രവുമുണ്ട്.. ഇവിടുത്തെ പ്രധാന ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിൽ ഏഴ് മുഖങ്ങളുള്ള സദാശിവ പ്രതിഷ്ഠയും സഞ്ചാരികൾക്ക് ദർശിക്കാനാവും. ചുരുക്കത്തിൽ ശിവനെ മഹായോഗിയായും നൃത്തം ചെയ്യുന്ന നടരാജനായും ഗംഗാധരനായും ചിത്രീകരിച്ചിരിക്കുകയാണ് ഗുഹകളിലുടനീളം.
ബിസി ഒന്നാം നൂറ്റാണ്ടിൽ ബ്രാഹ്മി ലിപിയിൽ എഴുതിയ ഒരു കൂട്ടം ലിഖിതങ്ങളും ഇവിടെയുണ്ട്….ദ്വീപിന്റെ കിഴക്കൻ ഭാഗത്താണ് ബുദ്ധ സ്തൂപങ്ങളടങ്ങിയ ഗുഹ സ്ഥിതി ചെയ്യുന്നത്.. അപൂർണമായ ബുദ്ധ പ്രതിമകൾ ഇവിടെ ദർശിക്കാനാവും. അജന്ത, എല്ലോറ എന്നിവിടങ്ങളിൽ നിന്നുള്ള ഗുഹാചിത്രങ്ങളുമായി ഏറെ സാമ്യമുള്ളതാണ് ഇവിടുത്തെ ചുവരുകളിലെ ചിത്രങ്ങൾ… ഭാരതീയ പൈതൃകം.. നിറകൂട്ടുകളാൽ ഇവിടെ ആലേഖനം ചെയ്തിരിക്കുന്നു.
9 മുതൽ 13 വരെ നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന’ സിൽഹാര’ വംശജരുടെ കാലത്താണ് ഗുഹകളിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. ചിലത് രാഷ്‌ട്രകൂടവംശജരുടെ കാലത്തും. എലിഫന്റോ ഒരു കോട്ട പോലെ കാണപ്പെടുന്നു, ചുറ്റും കൂറ്റൻ മതിലുകൾ ഉണ്ട്, പാറയിൽ നിന്ന് വെട്ടിയെടുത്ത ഇടുങ്ങിയ പടികളിലൂടെയാണ് ഗുഹകളിലേക്കുള്ള ഒരേയൊരു പ്രവേശനവും പുറത്തുകടക്കലും… യുനസ്‌കോ അംഗീകരിച്ച പൈതൃക സ്മാരകങ്ങളിലൊന്നാണ് എലിഫന്റാ ഗുഹ…നിലവിൽ ഇവ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.















Comments