ന്യൂഡൽഹി: പാർലമെന്റിൽ ശീതകാല സമ്മേളത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിൽ ഇടത് വലത് എംപിമാരുടെ വാക്കു തർക്കം. മുഖ്യമന്ത്രിയോടുള്ള ചില ചോദ്യങ്ങൾക്ക് രാജ്യസഭാ എംപി കൂടിയായ ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞതാണ് വലത് എംപിമാരെ പ്രകോപിതരാക്കിയത്. കെ-റെയിൽ അടക്കമുള്ള ചില ചോദ്യങ്ങൾക്ക് കൂടി മുഖ്യമന്ത്രിയ്‌ക്ക് പകരം ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞതോടെ ‘നിങ്ങളാണോ മുഖ്യമന്ത്രിയെന്ന’ ചോദ്യവും ഉയർത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനെത്തുമ്പോൾ മുഖ്യമന്ത്രി കേരളത്തിലെ എംപിമാരെ കൂടെ കൂട്ടിയാൽ അത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ലേ എന്ന കൊടിക്കുന്നിൽ സുരേഷ് എംപിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ജോൺ ബ്രിട്ടാസ് ആയിരുന്നു. കാണിയൂർ പാതയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിലും ബ്രിട്ടാസ് ഇടപെട്ടു. ഇതോടെ താങ്കളാണോ മുഖ്യമന്ത്രി എന്ന് ബ്രിട്ടാസിനോട് കൊടിക്കുന്നിൽ സുരേഷ് ചോദിക്കുകയായിരുന്നു. ബ്രിട്ടാസ് ആണ് മുഖ്യമന്ത്രിയെങ്കിൽ മറുപടി പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിന് എംപിമാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്ന മുഖ്യമന്ത്രി എംപിമാരെ വിശ്വാസത്തിൽ എടുക്കാനോ ഡൽഹിയിൽ എത്തുമ്പോൾ ഒപ്പം കൂട്ടാനോ തയ്യാറാകുന്നില്ലെന്നും യോഗത്തിൽ യുഡിഎഫ് എംപിമാർ കുറ്റപ്പെടുത്തി. വേഗ റെയിലിനോട് തങ്ങൾക്ക് ശക്തമായ എതിർപ്പ് ഉണ്ടെന്നും എംപിമാർ യോഗത്തിൽ അറിയിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തോട് ഉന്നയിച്ച് സാധിച്ചെടുക്കണമെന്ന് പറയുന്ന മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്ന വിവരം പോലും എംപിമാരെ അറിയിക്കാറില്ലെന്ന് ബെന്നി ബെഹനാനും ചൂണ്ടിക്കാട്ടി.
















Comments