ന്യൂഡൽഹി : ആമസോൺ വഴി കഞ്ചാവ് വിൽപ്പന നടക്കുന്നതായുള്ള റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ സംഭവം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അന്വേഷിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) . കഴിഞ്ഞ നാല് മാസത്തിനിടെ 1.10 കോടി രൂപ വിലമതിക്കുന്ന ഒരു ടൺ കഞ്ചാവ് ആമസോൺ വഴി കടത്തിയതായാണ് മദ്ധ്യപ്രദേശ് പോലീസ് കണ്ടെത്തിയത് .
ഭിൻഡ് ജില്ലയിലെ റോഡരികിലെ ഭക്ഷണശാലയിൽ നിന്ന് 20 കിലോ കഞ്ചാവുമായി രണ്ട് പേരെ മദ്ധ്യപ്രദേശ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു . ചോദ്യം ചെയ്യലിൽ, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് കഞ്ചാവ് കടത്താൻ ആമസോൺ ഉപയോഗിച്ചതായി ഇരുവരും പോലീസിനോട് പറഞ്ഞു.
ഇരുവരും “മയക്കുമരുന്ന് വിൽപന സംഘത്തിന്റെ” ഭാഗമാണെന്ന് പോലീസ് പറഞ്ഞു, കേസുമായി ബന്ധപ്പെട്ട് മറ്റ് പത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ് . ഭിൻഡ് (എംപി), ആഗ്ര (യുപി), ഡൽഹി, ഗ്വാളിയോർ (എംപി), കോട്ട (രാജസ്ഥാൻ) എന്നിവിടങ്ങളിലെ ഏജന്റുമാർക്ക് കറിവേപ്പില എന്ന വ്യാജേന മയക്കു മരുന്ന് റാക്കറ്റ് കഞ്ചാവ് കടത്തി നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട് .
സംഭവത്തിൽ പ്രാദേശിക എക്സിക്യൂട്ടീവുകളെ പോലീസ് ചോദ്യം ചെയ്തു . നിരോധിത വസ്തുക്കളുടെ വിൽപ്പനയ്‌ക്കായി ആമസോൺ പ്ലാറ്റ്‌ഫോം എങ്ങനെ ഉപയോഗിക്കുന്നെന്ന് വിശദീകരിക്കാൻ ആമസോൺ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബിന്ദ് ജില്ലാ പോലീസ് സൂപ്രണ്ട് മനോജ് കുമാർ സിംഗ് പറഞ്ഞു. അതേസമയം, എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോയന്ന് കമ്പനി അന്വേഷിക്കുകയാണെന്ന് ആമസോൺ വക്താവ് പറഞ്ഞു.
















Comments