ജഗദൽപൂർ ; കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ടു പോയ ഭർത്താവിനെ വിട്ടു നൽകണമെന്നാവശ്യപ്പെട്ട് യുവതി കുഞ്ഞുമായി കാട് കയറി . പിഎംജിഎസ്‌വൈയിലെ സബ് എഞ്ചിനീയർ അജയ് റോഷൻ ലക്രയേയും ഡിപ്പാർട്ട്‌മെന്റിലെ ഒരു പ്യൂണിനെയും വ്യാഴാഴ്ച ബീജാപൂരിലെ വനത്തിൽ നിന്ന് കമ്യൂണിസ്റ്റ് ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു.
ബിജാപൂർ ജില്ലയിലെ കമ്യൂണിസ്റ്റ് ഭീകര സങ്കേതമായ ഗോർണ ഗ്രാമത്തിൽ കോടിക്കണക്കിന് രൂപ ചെലവിൽ നടത്തുന്ന റോഡ് നിർമാണ പ്രവൃത്തികളുടെ കണക്കെടുപ്പിനായി എത്തിയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് ഇവരെ തട്ടിക്കൊണ്ടു പോയത് . പ്യൂണിനെ പിന്നീട് മോചിപ്പിച്ചു.
എന്നാൽ സബ് എഞ്ചിനീയറെ ഇപ്പോഴും ഭീകരർ ബന്ദിയാക്കിയിരിക്കുകയാണ് . പ്യൂണിനെ മോചിപ്പിച്ചുവെന്ന വാർത്ത കേട്ട്, അജയ് റോഷൻ ലക്രയേയും മോചിപ്പിച്ചുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ഭാര്യ . തുടർന്നാണ്ഭർത്താവിനെ അന്വേഷിച്ച്, മൂന്ന് വയസുള്ള കുഞ്ഞുമായി അജയുടെ ഭാര്യ അർപ്പിത കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിസങ്കേതത്തിലേക്ക് പോകാനിറങ്ങിയത്.
‘ എനിക്ക് ഈ പ്രദേശത്തെക്കുറിച്ച് അറിയില്ല. എവിടെ പോകണമെന്ന് എനിക്കറിയില്ല. അവർ ഏതെങ്കിലും വിധത്തിൽ ഭർത്താവിനെ മോചിപ്പിക്കണമെന്ന് മാത്രമാണ് ഞാൻ അഭ്യർത്ഥിക്കുന്നത് ‘ അർപ്പിത പറഞ്ഞു. തന്റെ ഭർത്താവ് നിരപരാധിയാണെന്നും അർപ്പിത പറയുന്നു . അദ്ദേഹം വളരെ ലളിതമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണ്. പ്രായമായ മാതാപിതാക്കൾ മാത്രമാണ് ആകെയുള്ളത് . കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും നിറവേറ്റുന്നത് തന്റെ ഭർത്താവാണെന്നും യുവതി പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്‌ക്കാണ് അവസാനമായാണ് അർപ്പിത ഭർത്താവിനോട് സംസാരിച്ചത് . ‘ ഞാൻ ഇപ്പോൾ ജോലിക്ക് പോകുകയാണ് എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് ഞാൻ അത്താഴത്തിന് വരും. ‘ എന്നാണ് അദ്ദേഹം പറഞ്ഞത് . ഇതിന് ശേഷം ഒരു മണിയോടെ അർപ്പിത വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. മൂന്ന് നാല് മണിക്കൂർ കഴിഞ്ഞ ശേഷമാണ് ഭർത്താവ് കമ്യൂണിസ്റ്റ് ഭീകരരുടെ കസ്റ്റഡിയിലാണെന്ന് അറിയുന്നത് . അതേ സമയം സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു .
















Comments