കൊൽക്കത്ത: വിവാഹബന്ധം വിവാദത്തിലും വേർപിരിയലിലും എത്തിയ തൃണമൂൽ എംപി നുസ്രത് ജഹാന്റെ വിവാഹം ഇന്ത്യയിൽ നിയമപരമായി നിലനിൽക്കില്ലെന്ന് കൊൽക്കത്ത കോടതി. വിവാഹം തുർക്കിയിലാണ് നടന്നതെന്നും ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിധി.
2019 ജൂണിൽ തുർക്കിയിലെ ബോദ്രുമിൽ വെച്ച് വിവാഹിതരായെന്നാണ് നുസ്രത് കോടതിയിൽ വ്യക്തമാക്കിയിരുന്നത്. ഹിന്ദുവും വ്യവസായിയുമായ നിഖിൽ ജെയ്‌നുമൊത്തായിരുന്നു വിവാഹം. മതപരമായ നിയമവശങ്ങൾ പരിഗണിച്ചാലും വിവാഹത്തിന് സാധുതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്‌പെഷൽ മാരിയേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നുസ്രത്തും കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ലോക്‌സഭാംഗമായ നുസ്രത് 2019 ൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിയമപരമായി വിവാഹിതയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരം വസ്തുതാവിരുദ്ധമായ സത്യവാങ്മൂലം എങ്ങനെ വിശ്വാസയോഗ്യമാണെന്ന സംശയം ഉയർത്തി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
തുർക്കിയിലും ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹ സൽക്കാരം പാശ്ചാത്യ രീതിയിലും ഇന്ത്യൻ രീതിയിലും പരമ്പരാഗത ഹൈന്ദവ രീതിയിലും ആഘോഷിച്ചിരുന്നതായി നിഖിൽ ജെയ്ൻ കോടതിയിൽ പറഞ്ഞിരുന്നു.കൊൽക്കത്തയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പങ്കെടുത്ത വിവാഹ സൽക്കാരവും ഇരുവരും നടത്തിയിരുന്നു. എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചുവന്നതിന് ശേഷം നുസ്രത് വിവാഹത്തിൽ നിന്ന് പിൻമാറാൻ താൽപര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്ന് ജെയ്ൻ ആരോപിക്കുന്നു.
നടനും രാഷ്‌ട്രീയ നേതാവുമായ യാഷ് ദാസ്ഗുപ്തയുമായി പ്രണയത്തിലായിരുന്നു നുസ്രത്. ഓഗസ്റ്റിൽ ഇവർക്ക് ആദ്യ കുട്ടി ഉണ്ടാവുകയും ചെയ്തിരുന്നു.
Comments