തിരുവനന്തപുരം: 50,000 കോടി രൂപയുടെ കേന്ദ്ര പദ്ധതി പ്രകാരം നിർമ്മിക്കുന്ന ആറ് വരിപാതയുടെ പ്രാരംഭ ജോലികൾ സംസ്ഥാനത്ത് ആരംഭിച്ചു.സംസ്ഥാനത്ത് വടക്ക് കാസർകോട് മുതൽ തെക്ക് നെയ്യാറ്റിൻകര കാരോട് വരെ 631.8 കിലോമീറ്റർ നീളമുള്ള ആറ് വരിപ്പാതയാണ് സംസ്ഥാനത്ത് നിർമ്മിക്കുന്നത്. 2024 ഓടെ പദ്ധതി യാഥാർത്ഥ്യമാക്കാൻ ആണ് ലക്ഷ്യമിടുന്നത്.സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റോഡ് നിർമ്മാണത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചു.
നിർദ്ദിഷ്ട പാതയിൽ നിലവിലെ രണ്ടു വരി, നാലു വരി പാതകളെ കോർത്തിണക്കി എല്ലാം ആറു വരിയാക്കി (45 മീറ്റർ) വികസിപ്പിക്കും.2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടി തുകയാണ് ഭൂവുടമകൾക്കു ലഭിക്കുന്നത്.മലബാറിലും തൃശ്ശൂർ, എറണാകുളം ജില്ലകളിലും നഷ്ടപരിഹാര വിതരണം തുടങ്ങി.6 മാസത്തിനകം നഷ്ടപരിഹാര വിതരണം പൂർത്തിയാക്കും.
മുംബൈയ്‌ക്ക് സമീപമുള്ള റായ്ഗഡ് ജില്ലയിലെ പനവേലിൽ നിന്നാരംഭിച്ച് കന്യാകുമാരിയിൽ അവസാനിക്കുന്നതാണ് എൻഎച്ച് 66 റോഡ് പദ്ധതി.1622 കിലോമീറ്ററാണ് പാതയുടെ ആകെ നീളം.കൊങ്കൺ പാതയ്‌ക്ക് സമാന്തരമായി നിർമ്മിക്കുന്ന പാതയിൽ കേരളത്തിൽ ആകെ 20 റീച്ചുകളാണുള്ളത്.അതിൽ കഴക്കൂട്ടം മുതൽ കാരോട് വരെയുള്ള നിലവിലെ ബൈപ്പാസിനു മാത്രമാണ് ഇപ്പോൾ ആറു വരി വീതിയുള്ളത്.ഇതിന്റെ നിർമ്മാണം 85 ശതമാനത്തോളം പൂർത്തിയായി.16റീച്ചുകളിൽ ദേശീയപാത അതോറിട്ടി കരാർ അനുവദിച്ചു.കൊടുങ്ങല്ലൂർ- ഇടപ്പള്ളി, ഇടപ്പള്ളി- തുറവൂർ, പറവൂർ-കൊറ്റംകുളങ്ങര, കടമ്പാട്ടുകോണം- കഴക്കൂട്ടം റീച്ചുകളിലെ ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്.
















Comments