അതിർത്തിയിലുടനീളം ദേശീയപാതകളിൽ സൈനിക വിമാനമിറക്കിയ നരേന്ദ്രമോദി സർക്കാർ ഗോത്രമേഖലയിലേക്കും ദേശീയപാതകളെത്തിച്ച് വിപ്ലവം തീർക്കുന്നു. ദേശീയപാതകളും അനുബന്ധ ഗ്രാമീണ റോഡുകളും അവിടങ്ങളിലെല്ലാം വാർത്താവിതരണ ടവറുകളും ഒരേ സമയം സ്ഥാപിക്കുന്ന പദ്ധതിയാണ് പൂർത്തിയാകുന്നത്. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിൽ ഉൾപ്പെടുത്തിയാണ് റോഡുകൾ തയ്യാറാക്കുന്നത്. വനമേഖലയിൽ ഒരു ബെൽറ്റ്‌പോലെ സുരക്ഷാകവചമായി ചുറ്റിപോകുന്നവയാണ് പുതിയ ദേശീയ പാതകൾ.
ഗ്രാമീണ മേഖലയുടെ തനത് സ്വഭാവങ്ങളെ തകർക്കാതെയാണ് എല്ലാ വികസനവും നടപ്പാക്കുന്നത്. അതാത് പ്രദേശത്തെ സാധാരണക്കാരന് എളുപ്പം എത്താവുന്ന അനുബന്ധ റോഡുകളും ഒരുങ്ങും. തൊട്ടടുത്ത ഗ്രാമത്തിലേക്കോ പട്ടണത്തിലേക്കോ എത്താനാകാതെ പ്രയാസപ്പെടുന്ന ഉൾ വനവാസി പ്രദേശങ്ങളിലുള്ളവർക്കാണ് ഇനി ആശ്വാസമാവുന്നത്. പുറംലോകവുമായി ബന്ധപ്പെടുന്നതിന് ഏറെ സഹായകരമാകുന്ന സ്വപ്‌ന പദ്ധതിയാണ് നരേന്ദ്രമോദിയും നിതിൻഗഡ്കരിയും യാഥാർത്ഥ്യമാക്കുന്നത്.
2016ലാണ് റോഡ് നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആകെയുള്ള 32,152 കിലോമീറ്ററിനുള്ളിൽ 2,648 പാലങ്ങളും പണിതുകൊണ്ടിരിക്കുകയാണ്. മാർച്ച് 2023ഓടെ റോഡുകളുടെ നിർമ്മാണം പൂർത്തിയാകുന്ന പദ്ധതിയ്‌ക്ക് ആകെ കണക്കാക്കിയ 33,822 കോടി രൂപയിൽ 22,978 കോടി രൂപ കേന്ദ്രസർക്കാർ വഹിക്കുമ്പോൾ ബാക്കി തുക അതാത് സംസ്ഥാനങ്ങളാണ് വഹിക്കേണ്ടത്. ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മഹാരാഷ്‌ട്ര, ഒഡീഷ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 7,287 ഗ്രാമങ്ങളിൽ ദേശീയപാത വികസനത്തിനൊപ്പം ടെലികോം ടവറുകളും ഉയരുകയാണ്.
വനവാസി മേഖലകളിൽ ഉൾപ്പെടെ ഇതിന്റെ സൗകര്യം ഉറപ്പാക്കലാണ് ലക്ഷ്യം. അഞ്ച് സംസ്ഥാനങ്ങളിലെ 44 ജില്ലകളിലെ പിന്നോക്ക മേഖലകളിൽ 4ജി മൊബൈൽ സേവനങ്ങളും, ഇ-ഗവേണൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും വ്യക്തമാക്കി. 6466 കോടി രൂപയാണ് പദ്ധതിച്ചെലവായി കണക്കാക്കുന്നത്. ഒന്നരവർഷത്തിനുള്ളിലാണ് ഇവ പൂർത്തിയാകുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരത അസ്വസ്ഥത സൃഷ്ടിക്കുന്ന വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള കൊടുംവനമേഖലകളിലൂടെയാണ് റോഡുകൾ വരുന്നത്. എല്ലായിടത്തും കമ്യൂണിസ്റ്റു ഭീകരർ ആയുധമാക്കിയത് ഗോത്രസമൂഹങ്ങളുടെ നിസ്സഹായതയും വികസനമില്ലായ്മയുമായിരുന്നു. ദേശീയപാത വികസനത്തിലൂടെ മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കമ്യൂണിസ്റ്റ് ഭീകരന്മാരുടെ നെഞ്ചിലൂടെയാണ് നരേന്ദ്രമോദിയുടെ വികസനരഥം ഓടാൻ പോകുന്നത്.
വാർത്താവിതരണ ടവർ ശൃംഖലകളും ദേശീയപാതയിൽ സൈനിക കേന്ദ്രങ്ങളും വരുന്നതോടെ മേഖലകളിലൂടെ സാദ്ധ്യമാകുന്നത് വികസനവും സുരക്ഷയും ഇഴപിരിഞ്ഞുള്ള കരുത്താണ്. 9 സംസ്ഥാനങ്ങളിലെ 44ഓളം ഭീകരബാധിത മേഖലകളിലാണ് വികസനവും ഗ്രാമീണരുടെ സുരക്ഷയും ഒരുപോലെ സാദ്ധ്യമാകുന്നത്. എല്ലാ ഗ്രാമങ്ങളിലും റോഡുകൾ നിർമ്മിക്കുക എന്ന 2019ലെ പ്രധാനമന്ത്രി സങ്കൽപ്പ് പത്രയുടെ ഭാഗമായാണ് പദ്ധതികൾ പൂർത്തിയാകുന്നത്. ഗാന്ധിജിയും ഡോ. അംബേദ്ക്കറും സർദ്ദാർ പട്ടേലും സ്വപ്‌നം കണ്ട ഗ്രാമീണ ഭാരതത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് നരേന്ദ്രമോദി സർക്കാർ അതിവേഗം നടപ്പാക്കുന്നത്.















Comments