പാലക്കാട്: പാലക്കാട് എലപ്പുളളിയിൽ ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകികൾ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. കാറിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വെളള നിറത്തിലുളള പഴയ മോഡൽ മാരുതി 800 കാറാണ് ദൃശ്യത്തിൽ ഉളളത്. അന്വേഷണത്തിന് പ്രത്യേക സംഘവും രൂപീകരിച്ചു.
കാറിന്റെ ഡോർ ഗ്ലാസുകളിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. കാറിനെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പാലക്കാട് ഡിവൈഎസ്പി പി.സി ഹരിദാസിനെയോ, ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാമിനെയോ വിവരം അറിയിക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട് ഡിവൈഎസ്പി സി ഹരിദാസ്, ആലത്തൂർ ഡിവൈഎസ്പി കെ.എം ദേവസ്യ , 6 സി .ഐ മാർ ഉൾപെടെ 34 അംഗ അന്വേഷണസംഘത്തെയാണ് നിയോഗിച്ചത്. ഉത്തരമേഖല എഡിജിപി വിജയ് സാഖറേയാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. പാലക്കാട് എസ്.പി ആർ വിശ്വനാഥ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
വിവിധ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ പോലീസ് ശേഖരിച്ചത്. കഴിഞ്ഞ ദിവസം പ്രതികളുടെ സഞ്ചാരപാത മനസിലാക്കാൻ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരമാവധി ശേഖരിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ഭാര്യയുമൊത്ത് ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകവേ എസ്ഡിപിഐ തീവ്രവാദികൾ സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. ബൈക്കിൽ ഇടിച്ചിട്ട് ഭാര്യയെ വലിച്ചുമാറ്റിയ ശേഷം സഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 31 വെട്ടുകളായിരുന്നു ശരീരത്ത് ഉണ്ടായിരുന്നത്. അഞ്ച് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിക വെളിപ്പെടുത്തിയിരുന്നു.
Comments