ശ്രീനഗർ : കാർഷിക നിയമങ്ങൾ പിൻവലിച്ചപോലെ കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണമെന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി . കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ് . എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയത് കശ്മീരിനെ ശിഥിലമാക്കാനാണ് .
കശ്മീരിനെ ശാക്തീകരിക്കാനുമെന്ന പേരിൽ ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ചത് ചില വോട്ടർമാരെ പ്രീതിപ്പെടുത്താൻ മാത്രമാണ്. 2019 ഓഗസ്റ്റ് മുതൽ കശ്മീരിൽ വരുത്തിയ നിയമവിരുദ്ധമായ മാറ്റങ്ങളും പിൻ വലിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നാണ് മെഹ്ബൂബയുടെ ട്വീറ്റ് .
കാർഷിക നിയമങ്ങൾ പിൻ വലിച്ച സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 2019 ലെ തീരുമാനവും പുനപരിശോധിക്കണമെന്ന് നാഷണൽ കോൺഫറൻസ് (എൻസി) പാർലമെന്റ് അംഗം ഹസ്നൈൻ മസൂദിയും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
കാർഷിക നിയമങ്ങൾ റദ്ദാക്കുന്നത് പ്രധാനമന്ത്രിയുടെയും കേന്ദ്രത്തിന്റെയും തിരിച്ചറിവാണ് പ്രതിഫലിപ്പിക്കുന്നത് . ഭൂരിപക്ഷത്തിന്റെ ബലത്തിൽ സുപ്രധാന നിയമനിർമ്മാണങ്ങൾ നടത്തുന്നതിനുപകരം, ചർച്ചകൾക്കും ആലോചനകൾക്കുമായി അവ പൊതുഇടത്തിൽ പ്രസ്താവിക്കണമെന്ന പ്രധാനമന്ത്രിയുടെയും, കേന്ദ്രത്തിന്റെയും തിരിച്ചറിവാണ് കാർഷിക നിയമങ്ങൾ അസാധുവാക്കാനുള്ള തീരുമാനമെന്നും മസൂദി കൂട്ടിച്ചേർത്തു.
ഇന്നലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് . നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിനു തൊട്ടുമുൻപാണു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
















Comments