തിരുവനന്തപുരം: കൊറോണയും മഴക്കെടുതിയും വിലക്കയറ്റവും മൂലം നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടിയുമായി സംസ്ഥാന സർക്കാർ. ബസ് ചാർജ്ജ് വർദ്ധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ബസുടമകളുമായി നടന്ന ചർച്ചയിലാണ് നിരക്ക് വർദ്ധിപ്പിക്കാമെന്ന് സമ്മതിച്ചത്. പെട്രോൾ, ഡീസൽ നികുതിയിനത്തിൽ ഒരു പൈസ പോലും കുറയ്‌ക്കാതെയാണ് സർക്കാർ ബസ് ചാർജ്ജ് കൂടി വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്.
എന്നാൽ എത്ര രൂപയാണ് വർദ്ധിപ്പിക്കുകയെന്ന കാര്യത്തിൽ ധാരണയായില്ല. ഇതിനായി 3 അംഗ സബ് കമ്മറ്റിയെ ചുമതലപ്പെടുത്തി. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി കൂടിയാലോചനകൾ നടത്തിയ ശേഷം വർദ്ധിപ്പിക്കേണ്ട തുകയെക്കുറിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.
ഓട്ടോ, ടാക്‌സി നിരക്കും വൈകാതെ ഉയരുമെന്നാണ് സൂചന. ഇതിനായി ഇടത് യൂണിയനുകൾ അടക്കം സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. വൈദ്യുതി നിരക്കും വർദ്ധിപ്പിക്കാനുളള തീരുമാനം ഏറെക്കുറെ എടുത്തുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് ബസ് ചാർജ്ജും ഓട്ടോ, ടാക്‌സി നിരക്കും ഉയരുന്നത്. വിലക്കയറ്റത്തിലും കൊറോണ മഹാമാരിയിലും വലഞ്ഞിരിക്കുന്ന ജനങ്ങൾക്ക് ഈ വർദ്ധനവുകൾ വലിയ തിരിച്ചടിയാകും. സാധാരണക്കാരുടെ കുടുംബ ബജറ്റുകളിലും ഇത് ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
കഴിഞ്ഞ ആഴ്ച കോട്ടയത്ത് നടന്ന ചർച്ചയിൽ ചാർജ് വർധന ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ.
















Comments