മലപ്പുറം: നഗരത്തിൽ തെരുവുനായകളുടെ ആക്രമണം രൂക്ഷമായതോടെ സഹായ പദ്ധതിയുമായി പൊന്നാനി നഗരസഭ. തെരുവുനായ കടിച്ചാൽ ചികിത്സാ സഹായം നൽകുമെന്നാണ് നഗരസഭ ഉറപ്പുനൽകുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രമാണ് നിബന്ധന. നഗരസഭാ അദ്ധ്യക്ഷന് നേരിട്ട് അപേക്ഷ സമർപ്പിച്ചാൽ 5,000 രൂപയാണ് ധനസഹായം ലഭിക്കുക.
കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. നഗരസഭാദ്ധ്യക്ഷന്റെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുടർ ചികിത്സയ്‌ക്ക് സഹായം ലഭിക്കുക. പദ്ധതി പ്രകാരം കടിയേറ്റ അഞ്ച് പേർക്ക് ഇതിനോടകം തന്നെ സഹായം ആവശ്യമായി വന്നു. കഴിഞ്ഞ ആഴ്ചയിൽ മാത്രം കടിയേറ്റവരാണിത്. മുഴുവൻ പേരുടെയും അപേക്ഷകൾ കൗൺസിൽ യോഗത്തിൽ അംഗീകരിച്ചു.
തെരുവുനായയുടെ ആക്രമണത്തിന് ഇരയായി ചികിത്സ തേടേണ്ടി വന്നവർക്ക് രേഖകളുമായി നഗരസഭയെ സമീപീക്കാവുന്നതാണെന്നും ആക്രമണം ഒഴിവാക്കാൻ ശാശ്വത നടപടികൾ തുടങ്ങുമെന്നും നഗരസഭാ അദ്ധ്യക്ഷൻ ശിവദാസ് ആറ്റുപുറം അറിയിച്ചു.
















Comments