ജയ്പൂർ: രാജസ്ഥാനിൽ മന്ത്രിസഭ പുനഃസംഘടന ഇന്ന്. പുതിയ മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട നാല് മണിക്കാണ് ചടങ്ങ്. മുപ്പതംഗ മന്ത്രിസഭയിൽ 15 പേരും പുതുമുഖങ്ങളാകുമെന്നാണ് വിവരം. ഇതിൽ അഞ്ച് പേർ സച്ചിൻ പൈലറ്റിന്റെ ക്യാമ്പിൽ നിന്നുള്ളവരാണ്. 11 ക്യാബിനറ്റ് മന്ത്രിമാരും നാല് സഹമന്ത്രിമാരുമാരും ഉൾപ്പെടെയാണ് 15 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. പുനഃസംഘടനയ്‌ക്ക് മുന്നോടിയായി മന്ത്രിസഭയിലെ എല്ലാവരും രാജിവെച്ചിരുന്നു.
മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി നിരന്തരം അസ്വാരസ്യങ്ങൾ തുടർന്നിരുന്ന മുൻ ഉപമുഖ്യമന്ത്രി സച്ചിന് ഇത് ആശ്വാസ തീരുമാനമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. കൂടാതെ പഞ്ചാബിൽ തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധി രാജസ്ഥാനിലെ ഭരണകക്ഷിയായ കോൺഗ്രസ് നേതൃത്വത്തിൽ ഒരു പുനർവിചിന്തനം നടത്താൻ കാരണമായെന്നും കരുതുന്നു. ഹൈക്കമാൻഡ് സച്ചിൻ പൈലറ്റിനെ എഐസിസി ജനറൽ സെക്രട്ടറിയായേക്കുമെന്നാണ് നിലവിലെ സൂചന.
കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സച്ചിൻ പൈലറ്റ് തന്റെ വിശ്വസ്തരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ നേതൃത്വം വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകിയിരുന്നു. 2023ൽ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുകയെന്ന പൈലറ്റിന്റെ നീക്കവും ഇതോടെ ശക്തി പ്രാപിക്കുകയാണ്.
















Comments